പാരന്‍റിംഗിലേക്ക് കടക്കുന്നതിന്‍റെ ആവേശത്തിലും ആകാംക്ഷയിലുമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളായ സ്‌നേഹയും ശ്രീകുമാറും. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. സ്നേഹ ഇപ്പോൾ ഒൻപതാം മാസത്തിലേക്ക് കടക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇരുവരുടെയും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും പുതിയൊരു വ്ലോഗിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതൊരു ഗര്‍ഭമല്ലേയെന്നും ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്.
എന്നാൽ കാര്യം എന്താണെന്ന് വെച്ചാൽ സ്നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീ കേരളത്തിലെ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന സീരിയലിൽ കുമാരിയുടെ ഒൻപതാം മാസ ചടങ്ങാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
സ്നേഹ ഗര്‍ഭിണിയായതോടെയാണ് സ്നേഹയുടെ സീരിയലിലെ കഥാപാത്രമായ കുമാരിയും ഗര്‍ഭിണിയാണെന്ന തരത്തിലേക്ക് കഥ മാറിയത്. ഒൻപതാം മാസം വരെയും സീരിയലിൽ അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നാണ് സ്നേഹ വീഡിയോയിലൂടെ പറയുന്നത്. സീരിയലിൽ നിന്നും ചെറിയ ഇടവേള ഇനി സ്നേഹയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഒൻപതാം മാസത്തിലെ ചടങ്ങിനുശേഷം ‘കുമാരി’ അച്ഛനൊപ്പം പോകുന്നു എന്ന സീന്‍ സീരിയലിൽ വന്നതും.