ആൺ തുണ ഇല്ലാത്ത ലോകത്ത് മകളെ കരുത്തുള്ള പെണ്ണായ് വളര്‍ത്തിയ സുഹൃത്തിന്റെ അനുഭവം ഹൃദ്യമായ കുറിപ്പിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് റൈസ ഷാജിദ.കഥകിനൊപ്പം കരാത്തെയും പഠിച്ച ഒറ്റ മകള്‍ സകല സാമൂഹിക ക്ലീഷേകള്‍ക്കുമെതിരെ വളരുകയായിരുന്നുവെന്ന് റൈസ സോഷ്യൽ മീഡിയയിൽ കുറിയ്ക്കുകയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഒരാളുടെയും തുണയില്ലാതെയാണ് ആ അമ്മ മകളെ വളര്‍ത്തിയെന്നും റൈസ കൂട്ടിച്ചേർക്കുന്നു.
കുറുപ്പ് വായിക്കാം:അഞ്ചാമത്തെ ബര്‍ത്ത്ഡേക്ക് ഞാനവള്‍ക്കൊരു ടോയ്ഗണ്‍ മേടിച്ച് കൊടുത്തു. പിന്നെയിടക്ക് കാറ് ജീപ്പ് മണ്ണ് മാന്തി അങ്ങനെയൊക്കെ. കഥകിനൊപ്പമവള് കരാട്ടേയും പഠിച്ചു. ഒച്ച വെച്ച് സംസാരിച്ചു. ഉറക്കെ ദേഷ്യം പിടിച്ചു. എനിക്കവളെ പെങ്കുട്ടിക്ക് അത് ഇത് പെങ്കുട്ടി അങ്ങനെ ഇങ്ങനെ എന്ന ക്ലീഷേ ലേബലിലൊട്ടിക്കണ്ടായിരുന്നു. പന്ത്രണ്ട് പതിമൂന്ന് വയസ്സായപ്പോഴവള്‍ക്ക് എനിക്ക് ഇരുപത്തിമൂന്നായപ്പോഴും കിട്ടാഞ്ഞ ധൈര്യമുണ്ടായി. നോ പറയേണ്ടിടത്ത് നോ തന്നെ പറഞ്ഞു. എന്തൊക്കെ വേണം, വേണ്ടയെന്ന് സ്വയം തീരുമാനിച്ചു. ഒരിക്കല്‍ വീട്ടില് വന്ന വകയിലൊരു ബന്ധു അവളിട്ട ചായയും കയ്യില്‍ പിടിച്ച് അവളെ കുറ്റം പറഞ്ഞോണ്ടിരുന്നു. ഡിവോഴ്സായ അമ്മേന്റെ കൂടെ നിന്നിട്ടാണ് പെണ്ണ് വഷളായത്,ഇറക്കമില്ലാത്ത ട്രൗസറിട്ടത്, മുടി തോള് വരെ മുറിച്ചത് തുടങ്ങി ആണുങ്ങള് വഴീക്കൂടെ പോവുമ്പോ അകത്തേക്ക് പോവാത്തത് അങ്ങനെ പലതും വിളമ്പി.
അവള് വളരെ സോഫ്റ്റായിട്ട് “ഒരു മറ്റേ മോന്റേം വകയല്ല ഞങ്ങള് ജീവിക്കുന്നേ, ഒറ്റക്ക് നിക്കാന്‍ പഠിച്ച അമ്മേന്റെ മോളാ ഞാന്‍. ഇനീം വാ തുറന്നാ പോവാന്‍ നേരം അങ്കിള് നടക്കാന്‍ ബുദ്ധിമുട്ടു”മെന്ന് പറഞ്ഞു. അയാള്‍ക്ക് ചായ തൊണ്ടേന്നിറങ്ങീല. പെട്ടെന്ന് കൊടുങ്കാറ്റ് പോണ പോലെ പുറത്തേക്കെന്തോ പോണത് കണ്ടു. ബുദ്ധിമുട്ട് വന്ന് മണ്ടേക്കേറിയ സമയത്ത് ഒരുത്തനും കാണിക്കാത്ത സ്നേഹം ഞങ്ങക്ക് പിന്നെ വേണ്ടാര്ന്നു. എനിക്കപ്പോ സ്വന്തം കെട്ടിന് പോലും അഭിപ്രായം പറയാന്‍ പറ്റാതെ പേടിച്ച് ശ്വാസം മുട്ടി നിന്ന എന്നെയോര്‍മ്മ വന്നു. ഒന്നും മിണ്ടാതെ ഞങ്ങള്‍ കടുപ്പത്തിലോരോ ചായയൂതിക്കുടിച്ചു.