കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഓപ്ര വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ സെറ്റില്‍ വചച്ച് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകന്‍ ആവശ്യപ്പെട്ടത്. പിറ്റേന്ന് താന്‍ ആ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. അന്ന് ആ സംവിധായകനോട് തിരിച്ചൊന്നും പറയാനായില്ല എന്നതില്‍ തനിക്ക് ഇന്നും കുറ്റബോധമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
എന്നാല്‍ സംവിധായകന്റ പേര് താരം വെളിപ്പെടുത്തിയില്ല. മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും ധൈര്യവുമാണ് എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയതെന്ന് പ്രിയങ്ക പറയുന്നു. ‘എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ അമ്മ എന്നോട് പറഞ്ഞു നീ ജീവിതത്തില്‍ എന്ത് ചെയ്താലും ശരി സാമ്പത്തികമായി ആരെയും ആശ്രയിക്കാന്‍ ഇടവരുത്തരുതെന്ന്.
അതുപോലെ എന്റെ ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു സംഘം ആളുകള്‍ക്കിടയില്‍ വ്യക്തമായ നിലപാട് എനിക്കുണ്ടാകണമെന്ന്. സ്വന്തമായി ശബ്ദം ഉണ്ടാവണമെന്ന്…അന്ന് ആ സംവിധായകനോട് ഒന്നുമെനിക്ക് പറയാന്‍ സാധിച്ചില്ല. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. അയാള്‍ ചെയ്തത് തെറ്റാണെന്ന് വിളിച്ചു പറയാന്‍ എനിക്കായില്ല.
അതിലിന്നും എനിക്ക് കുറ്റബോധമുണ്ട്. ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഒരു വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. അതില്‍ നിന്നും ഇറങ്ങിപ്പോരുക. ഞാനത് ചെയ്തു’, പ്രിയങ്ക പറയുന്നു. പ്രിയങ്ക ചൊപ്രയ്ക്ക് നിരവധി ആരാധകരാണുള്ളത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്കെത്തി കരിയറില്‍ പരിപൂര്‍ണ്ണ വിജയം കരസ്ഥമാക്കിയ നടിയാണ് പ്രിയങ്ക ചൊപ്ര.
2000ത്തിലാണ് പ്രിയങ്ക ചൊപ്ര ലൈം ലൈറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിലേക്കെത്തിയത്. മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കിയ പ്രിയങ്ക ചൊപ്രയ്ക്ക് ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തിയത്. അത് നടിയ്ക്ക് രാശിയായി മാറി. പ്രൊഫഷന്‍ അഭിനയ രംഗമായി തെരഞ്ഞെടുക്കുകയായിരുന്നു പ്രിയങ്ക ചൊപ്ര പിന്നീട്.
‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്ക ചൊപ്രയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ദ ഹീറോ- ലൗ സ്റ്റോറി ഓഫ് എ സ്‌പൈ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വളരെ പെട്ടെന്നായിരുന്നു ഒരു ഇന്ത്യന്‍ നടി എന്നതിനപ്പുറത്തേക്ക് പ്രിയങ്ക ചൊപ്ര ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയത്.
കരിയറില്‍ വന്ന മാറ്റം പ്രിയങ്കയുടെ ബാങ്ക് ബാലന്‍സിലും നന്നേ പ്രതിഫലിച്ചിരുന്നു. നടിയുടെ സാമ്പത്തിക വളര്‍ച്ചയും അത്ഭുതാവഹമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിയങ്ക ചോപ്രയുടെ ഇന്നത്തെ ആസ്തി 559 കോടിയോളമാണ്. ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച താരവിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റേയും.
തന്നേക്കാള്‍ പത്ത് വയസ് ഇളയതായ നിക്കിനെ വിവാഹം കഴിക്കുന്നതിലൂടെ പ്രിയങ്ക നേരിട്ട വിമര്‍ശനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഇതോടെ ഗ്ലോബല്‍ ഐക്കണായി ഉയര്‍ന്ന താരം ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയ നടിയായി മാറുകയും ചെയ്തു. താരം ഇപ്പോള്‍ ഹോളിവുഡില്‍ സജീവമാണ്. നിക്ക് ജോഹനാസ് – പ്രിയങ്ക ദമ്പതികള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്.