മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി. മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട് തുടക്കകാലത്തിൽ തന്നെയായതോടെ ഇന്നും ഇൻഡസ്ട്രിയിൽ മംമ്തയെ തേടിയെത്തുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്.
സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശക്തയായ കഥാപാത്രങ്ങളിലൂടെയും മമ്ത പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ജീവിതത്തിൽ മാതൃകയാവുകയാണ് അവർ. അർബുദ രോഗബാധിതയായ താരം ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ്.
അര്‍ബുദ രോഗികള്‍ക്ക് മാത്രമല്ല ജീവിതത്തില്‍ തോറ്റു പോയെന്ന് കരുതുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് ഈ താരം. ഒരു വട്ടമല്ല രണ്ടു വട്ടമാണ് മംമ്ത അര്‍ബുദ കോശങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത്. 2009ലാണ് ശരീരത്തിലെ ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. അന്ന് തന്‍റെ ഇരുപതുകളില്‍ സിനിമ ജീവിതത്തിന്‍റെ തുടക്ക കാലഘട്ടത്തിലായിരുന്നു മംമ്ത.തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട പോരാട്ടം മംമ്ത ആരംഭിച്ചു. ഇതിനിടെ രണ്ട് വര്‍ഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിന്നു.
ഈ കാലഘട്ടത്തില്‍ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇക്കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മംമ്തയ്ക്ക് സാധിച്ചു. യുഎസില്‍ നിരന്തരമായ അര്‍ബുദ ചികിത്സയ്ക്ക് വിധേയയായ മംമ്ത 2016ല്‍ എഫ്ഡിഎ നടത്തിയ നിവോലുമാബ് മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെയും ഭാഗമായി.
ഹോഡ്കിന്‍ ലിംഫോമ രോഗികളുടെ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് നിവോലുമാബ്. ഈ ചികിത്സ വിജയമായതോടെയാണ് അര്‍ബുദത്തിനെതിരെ ഏഴു വര്‍ഷം നീണ്ട മംമ്തയുടെ പോരാട്ടം അവസാനിച്ചത്. അർബുദത്താൽ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തിൽനിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്ന് ആണ് ഇപ്പോൾ നടി പറയുന്നത്.
ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നു. പതിനൊന്നു വർഷത്തിനുമുൻപ് ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അർബുദം ബാധിച്ചതെന്ന് മംമ്ത പറഞ്ഞു. അപ്പോൾ തനിക്ക് 24 വയസ്സായിരുന്നു.
അർബുദം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് മുൻപ് ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അർബുദത്തോട് മല്ലിട്ട് ജീവൻ നഷ്ടപ്പെട്ട വ്യക്തികളെ ഓർക്കുന്നു. ഏത് തരത്തിലുള്ള അർബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത ചൂണ്ടിക്കാട്ടി.