നിരവധി ബോക്‌സ് ഓഫിസ് ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് കരൺ ജോഹർ. 1998 മുതൽ സംവിധാന രംഗത്ത് സജീവമായ അദ്ദേഹത്തിന്‍റെ ‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോയ്‌ക്കും വൻ ജനപ്രീതിയാണുള്ളത്. മുൻനിര താരങ്ങളടക്കം ഇന്ത്യൻ സിനിമാരംഗത്തെ നിരവധി സെലിബ്രിറ്റികൾ ഷോയിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുൾപ്പെടെ വെളിപ്പെടുത്താറുണ്ട്.
താരങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും ബി-ടൗണിൽ വലിയ ചർച്ചാവിഷയമായി മാറുകയാണ് പതിവ്. അത്തരത്തിൽ ഒരിക്കലും മറക്കാനാവാത്ത ഷോയിലെ ചില വിവാദങ്ങൾ ഇതാ.. ആറാം സീസണിലെ ഒരു എപ്പിസോഡ് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും അതിഥികളായെത്തിയ എപ്പിസോഡ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലുൾപ്പെടെ സംപ്രേഷണം ചെയ്‌തിരുന്നില്ല
തങ്ങൾ എങ്ങനെയാണ് പെൺകുട്ടികളെ വശീകരിച്ചിരുന്നതെന്നും, പെൺകുട്ടികളെക്കുറിച്ച് ഹർദിക് അമ്മയോട് പങ്കുവച്ചിരുന്ന സംഭാഷണങ്ങളും അടക്കം ഇരുവരും ഷോയിൽ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ വെളിപ്പെടുത്തലുകൾ വിവാദമായതിന് പിന്നാലെ താരങ്ങൾക്ക് ബിസിസിഐ വിലക്കേർപ്പെടുത്തി. ഒടുവിൽ ഇരുവരും ക്ഷമാപണം നടത്തുകയും ചെയ്‌തു.
അഞ്ചാം സീസണിലാണ് രംഗൂൺ കോ-സ്റ്റാർ സെയ്‌ഫ് അലി ഖാനൊപ്പം കോഫി വിത്ത് കരണിൽ കങ്കണ റണൗട്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കരണിനെതിരെ ആഞ്ഞടിച്ച കങ്കണ, ബോളിവുഡിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ‘നെപ്പോട്ടിസത്തിന്‍റെ പതാകവാഹകൻ’ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്‍റെ ശബ്‌ദത്തെ പലരും പരിഹസിച്ചത് തനിക്ക് സംസാരശേഷി മെച്ചപ്പെടുത്താൻ സഹായകമായി മാറിയെന്നും താരം വെളിപ്പെടുത്തി.
കൂടാതെ ഷാഹിദ് കപൂർ വളരെ മൂഡ് സ്വിങ്‌സ് ഉള്ള വ്യക്തിയാണെന്നും കങ്കണ തുറന്നുപറഞ്ഞു. 2010ൽ ദീപിക പദുക്കോണും സോനം കപൂറും ഒന്നിച്ചെത്തിയ എപ്പിസോഡും ഏറെ ചർച്ചയായിരുന്നു. ഷോയിൽ ഇരുവരും രൺബീർ കപൂറിനെ പരിഹസിക്കുകയുണ്ടായി. രൺബീർ അദ്ദേഹത്തിന്‍റെ ബോയ്‌ഫ്രണ്ട് സ്‌കില്ലുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു ദീപികയുടെ തുറന്നുപറച്ചിൽ.
ഇതിനായി ഏത് ഉൽപന്നമാണ് നടൻ ഉപയോഗപ്പെടുത്തേണ്ടതെന്ന കരണിന്‍റെ ചോദ്യത്തിന് ‘കോ ണ്ടം’ എന്നായിരുന്നു ദീപികയുടെ മറുപടി. ഷോയ്‌ക്ക് പിന്നാലെ രൺബീറിന്‍റെ മാതാപിതാക്കളായ ഋഷി കപൂറും നീതു കപൂറും ഇരു താരങ്ങളോടും കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
കോഫി വിത്ത് കരണിൽ അക്ഷയ് കുമാറിനോടൊപ്പം എത്തിയ ട്വിങ്കിൾ ഖന്നയുടെ പരാമർശം പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഖാൻമാർക്ക് ഇല്ലാത്ത എന്താണ് അക്ഷയ്‌യുടെ പക്കലുള്ളതെന്ന കരണിന്‍റെ ചോദ്യത്തിന് ‘കുറച്ച് അധിക ഇഞ്ച്’ എന്നതായിരുന്നു ട്വിങ്കിളിന്‍റെ മറുപടി.
രൺവീർ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ടായിരുന്നു. താൻ രാത്രി 10 മണിക്ക് ശേഷം അടിവസ്ത്രം ധരിക്കില്ല എന്നായിരുന്നു പറഞ്ഞത്. അനുഷ്ക ശർമയോടൊപ്പം ഉള്ള ഒരു എപ്പിസോഡിൽ ആയിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
അന്ന് രൺവീറിന്റെ വെളിപ്പെടുത്തൽ വളരെയധികം ചർച്ചയായി മാറിയിരുന്നു. അതുപോലെ തന്നെ വിദ്യാബാലൻ എത്തിയ ഒരു എപ്പിസോഡും വലിയ ചർച്ചകൾക്ക് കാരണമായി മാറിയിരുന്നു. തനിക്കൊരു വിവാഹിതനുമായി അവിഹിതബന്ധം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അന്ന് വിദ്യ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ ആ പുരുഷൻ ഷാരൂഖാൻ ആയിരിക്കണമെന്ന് ആഗ്രഹവും തനിക്കുണ്ടെന്ന് വിദ്യ പറഞ്ഞിരുന്നു.
ഷോയിലെ റാപ്പിഡ് ഫയർ സെഗ്‌മെന്‍റിനിടെ നടൻ ഇമ്രാൻ ഹാഷ്‌മി നൽകിയ മറുപടികളും ഏറെ ശ്രദ്ധേയമായിരുന്നു. ചില നടിമാരുടെ പേര് പറയുമ്പോൾ തന്‍റെ മനസിൽ ആദ്യം തോന്നുന്നത് വെളിപ്പെടുത്തണമെന്നതായിരുന്നു ടാസ്‌ക്. ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരിന് താരം നൽകിയ മറുപടി പ്ലാസ്‌റ്റിക് എന്നായിരുന്നു. ശ്രദ്ധ കപൂറാകട്ടെ, എന്തെങ്കിലും കഴിക്കണമെന്നും ഇമ്രാൻ പറഞ്ഞു.