നടി അമ്പിളി ദേവിയുടെ സ്വകാര്യ ജീവിതം അത്ര നല്ലതായിരുന്നില്ല. ചെറുപ്പം മുതല്‍ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങിയ അമ്പിളിയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. ആദ്യ വിവാഹ ജീവിതം അധികനാള്‍ നീണ്ടു നിന്നില്ല. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷമാണ് അമ്പിളി നടന്‍ ആദിത്യന്‍ ജയനെ വിവാഹം ചെയ്യുന്നത്.
എന്നാല്‍ ആദിത്യന്‍ ജയനെ വിവാഹം ചെയ്തത് ജീവിതത്തിലെ വലിയ തെറ്റാണെന്ന് അമ്പിളി മനസിലാക്കിയത് അടുത്ത കാലത്താണ്. മറ്റൊരു ബന്ധം ആദിത്യന് ഉണ്ടെന്നും അമ്പിളിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായി. ഈ വിഷയത്തില്‍ വിവാദ സമയത്ത് അമ്പിളിക്ക് ഏറെ മാനസിക പിന്തുണ നല്‍കിയത് നടി അനു ജോസഫ് ആയിരുന്നു.
അമ്പിളിയുടെ പ്രശ്‌നം അറിഞ്ഞപ്പോള്‍ ഫോണിലൂടെ അനു ബന്ധപ്പെട്ടു, അമ്പിളിക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു പങ്കുവെച്ചു. അന്ന് അഭിമുഖം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും പിന്നീട് അമ്പിളിയുടെ പ്രശ്‌നങ്ങളെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാതിരുന്നതിനെ കുറിച്ചും അനു ജോസഫ് ഇപ്പോള്‍ തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അനുവിന്റെ പ്രതികരണം.
‘അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.
അതിന് ശേഷം പേഴ്‌സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത്.- അനു ജോസഫ് വ്യക്തമാക്കി.