ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിര അണിനിരക്കുന്ന മണിരത്‌നത്തിന്റ സ്വപ്ന ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരങ്ങളായ ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും ഒരു രസകരമായ വീഡിയോയാണ്. ഹൈദരാബാദില്‍ നിന്നുള്ള താരങ്ങളുടെ വീഡിയോ ഫാന്‍സ് പേജുകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ലോകത്തുള്ള എല്ലാ തെലുങ്ക് ആണ്‍കുട്ടികളും നിങ്ങളുടെ വലിയ ആരാധകരാണെന്ന് സ്റ്റേജിലെത്തിയ ഐശ്വര്യയോട് അവതാരക പറയുന്നു. ഉടന്‍ തന്നെ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും എന്ന് തൃഷ മറുപടിയായി പറഞ്ഞു. ഇതുകേട്ട് പുഞ്ചിരിക്കുകയാണ് ഐശ്വര്യ.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ റായി ബച്ചന്‍, തൃഷ എന്നിവരെ കൂടാതെ വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യയുടെയും തൃഷയുടെയും ലൊക്കേഷന്‍ സെല്‍ഫി വൈറലായിരുന്നു.
500 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങിയ സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണെന്നാണ് വിവരം. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ശത്രുപാളയത്തിലെ നന്ദിനിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മനായെത്തുന്ന ജയം രവിയ്ക്കും വന്ദ്യദേവനായെത്തുന്ന കാര്‍ത്തിയ്ക്കും 5 കോടിയാണ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചോള രാജകുമാരി കുന്ദവായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയ്ക്ക് 2 കോടിയാണ് പ്രതിഫലം. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള ഐതിഹാസിക നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.