പലപ്പോഴും ചെറിയൊരു പ്രതിസന്ധി ഉണ്ടാകുമ്പോഴേ തളര്‍ന്ന് പോകുന്നവരാണ് പലരും. എന്നാല്‍ ചിലരാകട്ടെ എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും അതിനെയൊക്കെ മറികടന്ന് അവയെ നേരിട്ട് ജീവിതത്തില്‍ വിജയം എത്തിപ്പിടിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ ഒരു പോരാട്ട ജീവിതമാണ് വര്‍ക്കല സിഐ ആനി ശിവയുടെ ജീവിതവും.
പത്ത് വര്‍ഷം മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത് നിയമം സംരക്ഷിക്കുന്ന സബ് ഇന്‍സ്പെക്ടറാണ്. 2016ല്‍ ആണ് ആനി കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കല റൂറല്‍ പോലീസ് സബ് ഡിവിഷന് ആസ്ഥാനത്ത് സബ് ഇന്‍സ്പെക്ടര്‍ ആയി ചുമതലയേറ്റു. എസ്ഐ പദവിയെന്ന സ്വപ്നത്തിലേക്കുള്ള പിഎസ്സി പഠനകാലത്തെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന ആനിയുടെഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറലാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്, 2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്സിന് ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന എസ്ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.
അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍). നമ്മള് മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന് ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.