മലയാള സിനിമയുടെ ആക്ഷൻ കിംഗ് അല്ലെങ്കിൽ ആക്ഷൻ സൂപ്പർ സ്റ്റാർ ആയാണ് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐ പി എസും, ആനക്കാട്ടിൽ ചാക്കോച്ചിയും നന്ദഗോപാലും കുട്ടപ്പായിയും ഈശോ പണിക്കരും എല്ലാം ഇന്നും പ്രേക്ഷകരുടെ ഹരം ആണ്. ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. സുരേഷ് ഗോപിയും ഷാജി കൈലാസും ചേർന്നപ്പോഴെല്ലാം പ്രേക്ഷകരിൽ ആവേശം നിറച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. നടൻ- സംവിധായകൻ കോംബോ എന്നതിലുപരി ഇരുവരും തമ്മിൽ വലിയ ആത്മബന്ധമാണുള്ളത്. സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയിലെ മികച്ച നടനെക്കാൾ, മികച്ച മനുഷ്യനാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിങ്ങനെ
1989ലാണ് ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് – “ന്യൂസ്” . സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങൾക്ക് രണ്ടു പേർക്കും മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു. പിന്നീട് 1991 ഇൽ “തലസ്ഥാനം” ആയി ഞങ്ങൾ വന്നപ്പോൾ ആ ചിത്രത്തെ ജനങ്ങൾ പൂർവാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാൻ ഭാവിയിൽ ചെയ്യേണ്ട സിനിമകൾ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയർത്തി കൊണ്ട് വന്ന ആ മനുഷ്യൻ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്.
അന്നത്തെ മുൻ നിര നായികയും പിൽക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായകൻ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു. അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്.. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കൾ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ കൊണ്ട് വ്യക്തി ആക്ഷേപകങ്ങൾക്കു പലരും മുതിർന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.
മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സർവേശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി..