ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ് കൃഷ്ണൻ. ഇപ്പോഴിതാ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് താൻ വിവാഹിതനാവുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.
ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്.
സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.ബിഗ് ബോസിന്റെ ഷൂട്ട് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇനി സീതാകല്യാണത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.