മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് വെള്ളാരം കണ്ണുള്ള സുന്ദരി ഇന്ദ്രജയെ. ബാലതാരമായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാജാത്തി എന്ന പേരിനേക്കാളും മലയാളികള്‍ക്ക് പരിചയം ഇന്ദ്രജ എന്നാണ്. മെഗാ സ്റ്റാറുകള്‍ക്ക് ഒപ്പം ബിഗ് സ്‌ക്രീനില്‍ തിളങ്ങി നിന്ന ഇന്ദ്രജ മലയാളത്തില്‍ അത്ര സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയയിലും അന്യഭാഷാ ടെലിവിഷന്‍ മേഖലയിലും സജീവ സാന്നിധ്യം തന്നെയാണ്. ടെലിവിഷന്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും ഇന്ദ്രജ തിളങ്ങി നിന്നിരുന്നു.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഇന്ദ്രജ മലയാളം പഠിച്ചത് എങ്കിലും മൂന്നുവയസ്സുവരെ കേരളത്തില്‍ ആയിരുന്നു നടി. ഇന്ദ്രജയുടെ അമ്മ തിരുവനന്തപുരം സംഗീത കോളേജില്‍ നിന്നുമാണ് ഗാനഭൂഷണം പാസായത്. ഹരിപ്പാട് ഒരു സ്‌കൂളില്‍ സംഗീത അധ്യാപികയും ആയിരുന്നു. പാട്ടും നൃത്തവും നിറഞ്ഞ കുടുംബത്തില്‍ നിന്നും എത്തിയ ഇന്ദ്രജ ആറാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ശ്രീവിദ്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് ചുവട് വച്ചത്.
രജനികാന്തിന്റെ ഉഴൈപാളി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാന്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്.ഐ.ആര്‍, ഉസ്താദ്, ശ്രദ്ധ, വാര്‍ ആന്റ് ലൗ, ക്രോണിക് ബാച്ച്‌ലര്‍, മയിലാട്ടം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു. 12 സി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചുവരവും ഇന്ദ്രജ നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ഹിറ്റ് ഗാനം നന്ദലാലായ്ക്ക് ചുവട് വച്ച് നടി പങ്കിട്ട വീഡിയോ ആണ് താരത്തെ വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാന്‍ കാരണം. വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന ചിത്രത്തിലെ ഈ പാട്ടിന് വര്‍ഷമേറെ കഴിഞ്ഞിട്ടും ഇന്നും ആരാധകരേറെയാണ്. ഇന്ദ്രജയ്ക്ക് പുറമേ വാണി വിശ്വനാഥ്, കലാഭവന്‍ മണി സുകുമാരി എന്നിവര്‍ തകര്‍ത്താടിയ ഗാനരംഗമാണിത്.
രണ്ടാം വരവിനു ശേഷം അഭിനയത്തില്‍ നിന്നും അധികനാള്‍ ഇടവേള എടുത്തിരുന്നില്ല. തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിച്ചു കൊണ്ടിരിക്കവെയാണ് മലയാളസിനിമയിലെ ഇടക്ക് മുഖം കാണിച്ചത്. ഇപ്പോഴും നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കമ്മന്റുകള്‍ നല്‍കികൊണ്ട് നടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതായി മലയാളി പ്രേക്ഷകര്‍ പറയാറുണ്ട്.
നടന്‍ അബ്‌സറുമായുള്ള വിവാഹത്തെ കുറിച്ച് മുന്‍പ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 2005 ല്‍ ആണ് നടനും ഇന്ദ്രജയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു ഇന്ദ്രജ.
‘ഞങ്ങളുടെ വിവാഹം എടുത്തുചാട്ടമായിരുന്നില്ല. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയതുകൊണ്ടാണ് വിവാഹത്തിലേക്ക് കടന്നത്. ഞാനിന്നും പക്കാ വെജിറ്റേറിയനാണ് എന്നും ഇന്ദ്രജ അഭിമുഖത്തിലൂടെ പറയുന്നു.
‘ഞാനിന്നും പക്കാ വെജിറ്റേറിയനാണ്. ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവര്‍ പുറത്ത് നിന്ന് കഴിക്കും. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചു കൊണ്ടുമുള്ള ജീവിതം. എന്റെ വീട്ടിൽ എനിക്കായി ഒരു പൂജാമുറിയുണ്ട്. അവർക്കും നിസ്‌കരിക്കാൻ ഉള്ള ഒരു സ്ഥലവും ഉണ്ട് അതവർ ചെയ്യും.
ദൈവകൃപയാൽ ഞാൻ ഒന്ന് പറയട്ടെ, ഇത് വരെയും അത് ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിബന്ധമായി വന്നിട്ടില്ല. വീണ്ടും സിനിമയിലേക്കിറങ്ങുമ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകളെക്കുറിച്ചായിരുന്നു ടെന്‍ഷന്‍. ഇപ്പോള്‍ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു’, എന്നും അഭിമുഖത്തില്‍ ഇന്ദ്രജ പറയുന്നു.