2000 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് മിസ്റ്റര്‍ ബട്ലര്‍. ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയ രുചിത പ്രസാദ് കന്നട നടിയാണ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങി, രണ്ടായിരത്തിന്റെ തുടക്കത്തില്‍ വരെ കന്നട , തെലുങ്ക് സിനിമയില്‍ സജീവമായിരുന്ന താരമാണ് രുചിത. അതിനിടയിലാണ് ദിലീപിന്റെ നായികയായി മിസ്റ്റര്‍ ബട്ലര്‍ എന്ന ചിത്രത്തില്‍ എത്തിയത്. ആദ്യ ചിത്രം തന്നെ മികച്ച വിജയമായിട്ടും പിന്നെ രുചിത മലയാളത്തിലേക്ക് വന്നില്ല.
ഉലക നായകന്‍ കമല്‍ഹാസന്റെ സിനിമയിലൂടെ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച നടിയാണ് രുചിത. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തില്ല. ‘കണ്ടേന്‍ സീതയായ്’ എന്നായിരുന്നു സിനിമയുടെ പേര്. രുചിതയുടെ ഭാഗങ്ങള്‍ ഷൂട്ടിങ് ആരംഭിച്ചതാണ്. എന്നാല്‍, സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സിനിമ നടന്നില്ല.
1999 ല്‍ റിലീസ് ചെയ്ത ‘കണ്ണോട് കാണ്‍മ്പതെല്ലാം’ എന്ന സിനിമയില്‍ അഭിനയിച്ചാണ് രുചിത പിന്നീട് സിനിമാലോകത്ത് സജീവമായത്. കാസ്റ്റിങ് കൗച്ചിനെതിരെ പരസ്യമായി നിലപാടെടുത്ത ആദ്യ അഭിനേത്രിയാണ് രുചിത.ബാംഗ്ലൂര്‍ സ്വദേശിനിയായ രുചിത പ്രസാദ് ആയിരുന്നു ആ നിര്‍ഭാഗ്യവതിയായ നടി. മോഡലിംഗ് രംഗത്ത് നിന്നാണ് രുചിത പ്രസാദ് സിനിമയിലേക്ക് എത്തുന്നത്. വീടിന് സമീപം നടന്ന ഇന്ദിര നഗര്‍ ക്ലബിന്റെ ബ്യൂട്ടി കോണ്ടസ്റ്റ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. ആ മത്സരത്തില്‍ വിജയിയായതോടു കൂടി മോഡലിംഗ് സീരിയസായി എടുക്കുകയായിരുന്നു.
1995ല്‍ മിസ്സ് ബാംഗ്ലൂരായും രുചിത പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ജബിലമ്മ പെല്ലി എന്ന സിനിമയിലൂടെയാണ് രുചിത പ്രസാദ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജഗപതിബാബു നായകനായി എത്തിയ സിനിമയില്‍ ഇരട്ട വേഷത്തിലാണ് നടി എത്തിയത്. മധുരവാണി, ലക്ഷ്മി എന്നിങ്ങനെയായിരുന്നു കഥാപാത്രത്തിന്റെ പേരുകള്‍.
സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെലുങ്ക് സിനിമയില്‍ നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി ദേവുഡു എന്ന സിനിമയിലും നടി പിന്നീട് അഭിനയിച്ചു. അര്‍ജുന്‍ നായകനായി എത്തിയ കണ്ണോട് കാണ്‍പതെല്ലാം സിനിമയിലൂടെ നടി തമിഴിലേക്കും തുടക്കം കുറിച്ചു. അതിന് ശേഷം രുചിത പ്രസാദ് മലയാളത്തിലും നായികയായി എത്തി.
രണ്ടായിരത്തില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബട്ലര്‍ എന്ന ചിത്രത്തില്‍ രാധിക മേനോന്‍ എന്ന നായിക കഥാപാത്രത്തെയാണ് രുചിത അവതരിപ്പിച്ചത്. പ്രശസ്ത ചിത്രക്കാരന്‍ എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ രുചിത പ്രസാദിനെ നായികയായി തീരുമാനിച്ചെങ്കിലും സിനിമ നടന്നില്ല. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച രുചിത 2008 ഓടെ സിനിമ പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.