മലയാളത്തിന്റെ മുഖശ്രീയായിരുന്നു നടി ശ്രീവിദ്യ. തമിഴ്‌നാട്ടുകാരിയായിരുന്ന അവര്‍ക്ക് കേരളമായിരുന്നു വീട്. നിരവധി വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടി തന്റെ വശ്യമായ ഗ്രാമീണ സൗന്ദര്യത്താല്‍ ഒട്ടനവധി ആരാധകരെ നേടിയിട്ടുമുണ്ട്. തെന്നിന്ത്യന്‍ സിനികളില്‍ ഒരുകാലത്ത് ഏറെ സജീവമായിരുന്ന ശ്രീവിദ്യയുടെ മരണം 2006 ഒക്ടോബര്‍ 19ന് തന്റെ 53-ാം വയസ്സിലായിരുന്നു. നട്ടെല്ലിന് അര്‍ബുദം ബാധിച്ച് മൂന്ന് വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു താരത്തിന്റെ മരണം.
ആര്‍ കൃഷ്ണമൂര്‍ത്തിയുടേയും സംഗീതജ്ഞയായ എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലായിരുന്നു ശ്രീവിദ്യയുടെ ജനനം. ഒരു സഹോദരനും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന, ശിവാജി ഗണേശന്‍ അഭിനയിച്ച തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലൂടെ സത്യന്റെ നായികയായാണ് മലയാളസിനിമയിലേക്ക് ശ്രീവിദ്യ എത്തിയത്.
പിന്നീട് ശ്രീവിദ്യ നിരവധി സിനിമകളുടെ ഭാഗമായി. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിക്കുകയുണ്ടായി. കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ശ്രീവിദ്യ ചലച്ചിത്ര പിന്നണി ഗാനരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. 40 വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ എണ്ണൂറോളം സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയായിരുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്.
‘തീക്കനല്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ ശ്രീവിദ്യ പരിചയപ്പെടുകയുണ്ടായി. ജോര്‍ജ്ജുമായുള്ള ശ്രീവിദ്യയുടെ സൗഹൃദം വിവാഹത്തിലെത്തി. 1978ലായിരുന്നു വിവാഹം. പക്ഷേ ജോര്‍ജ്ജുമായുള്ള ദാമ്പത്യം ശ്രീവിദ്യയെ വലിയൊരു ദുരന്തത്തിലാണ് കൊണ്ടു ചെന്നെത്തിച്ചത്. ശ്രീവിദ്യയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നേറ്റ് പലരില്‍ നിന്നായി ജോര്‍ജ്ജ് വലിയ തുകകള്‍ വാങ്ങി. ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചു. ഒടുവില്‍ 1980-ല്‍ ഇരുവരും വിവാഹമോചിതരായി. എങ്കിലും സാമ്പത്തിക കാര്യങ്ങളിലും മറ്റുമുള്ള കേസ് ഒടുവില്‍ സുപ്രീം കോടതി വരെയെത്തിയാണ് തീര്‍പ്പായത്.
വിവാഹ ശേഷം കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നുവെങ്കിലും ഒടുവില്‍ ശ്രീവിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറി. മലയാളത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ശശി കുമാര്‍, ശ്രീകുമാരന്‍ തമ്പി, ഐ.വി ശശി, പി.ജി വിശ്വംഭരന്‍, ജോഷി, ബാലചന്ദ്രമേനോന്‍, കെ.ജി ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍, തമ്പി കണ്ണന്താനം, ഹരികുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, ഫാസില്‍, പ്രിയദര്‍ശന്‍, കമല്‍, രാജസേനന്‍, സിദ്ധിഖ് ലാല്‍, ഷാജി കൈലാസ്, ജയരാജ്, ലാല്‍ജോസ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് ശ്രീവിദ്യ. കലാഭവന്‍ മണി നായകനായെത്തിയ ‘മത്സരം’ എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ ശ്രീവിദ്യ അഭിനയിച്ചത്.
ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി മിനി സ്‌ക്രീനിലും ശ്രീവിദ്യ സജീവമായിരുന്ന സമയമുണ്ടായിരുന്നു. വസുന്ധര മെഡിക്കല്‍സ്, ഓമനത്തിങ്കള്‍ പക്ഷി, അവിചാരിതം, അമ്മത്തമ്പുരാട്ടി തുടങ്ങി നിരവധി പരമ്പരകളിലൂടെ ശ്രീവിദ്യ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരുന്നു. നട്ടെല്ലിന് അര്‍ബുദം ബാധിച്ചതോടെയാണ് സിനിമാ, സീരിയല്‍ രംഗത്ത് നിന്ന് ശ്രീവിദ്യ വിട്ടു നില്‍ക്കുകയായിരുന്നു.