അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ വിജയത്തിനുശേഷം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അന്നക്ക് അവസരം ലഭിക്കുകയുണ്ടായി. അഭിനേത്രി എന്നതിലുപരി നേഴ്സ് എന്ന നിലയിലും തിളങ്ങി നിൽക്കുകയാണ് അന്ന. വളരെ യാദൃശ്ചികമായി അഭിനയരംഗത്തേക്ക് താൻ കടന്നുവന്നതിനെപ്പറ്റി അന്ന തന്നെ ഇതിനു മുൻപ് വ്യക്തമാക്കിയിരുന്നു.
നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പരസ്യം കണ്ടാണ് താരത്തിനെ ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസിൽ അഭിനയിക്കുവാൻ വിളിക്കുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ നായകനെ പ്രണയിക്കുന്ന ലിച്ചി എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതി തന്നെയാണ് ആദ്യചിത്രത്തിൽ നേടിയെടുക്കാൻ കഴിഞ്ഞതെന്ന് അന്ന വളരെയധികം സന്തോഷത്തോടുകൂടി പറയുന്നു. ആദ്യ ചിത്രത്തിന് ശേഷം പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. നഴ്സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസൾട്ട് വരുന്നത് കാത്തിരിക്കുന്ന സമയത്തായിരുന്നു അന്നയുടെ അച്ഛൻ മരിക്കുന്നത്.
ഹാർട്ട് അറ്റാക്ക് ആയിരുന്നു. എത്രയും വേഗം ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയിൽ നിന്നാണ് നഴ്സായി ജോലിക്ക് കയറുന്നത്.ജോലിയ്ക്ക് കയറിയ അതേ ആശുപത്രിയുടെ ഒരു പരസ്യത്തിൽ മോഡൽ ആവുകയും ചെയ്തതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു. അങ്കമാലി ഡയറീസ് ഹിറ്റായതോടെ മുന്നോട്ടുള്ള ജീവിതത്തിന് സിനിമ തന്നെ മതി എന്ന് താരം തീരുമാനിക്കുകയായിരുന്നു. ആദ്യ സിനിമയിലൂടെ ലഭിച്ച സ്നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയിൽ തനിക്ക് നിലനിൽക്കാൻ കഴിയുന്നതെന്ന് താരം വ്യക്തമാക്കുന്നു. അങ്കമാലി ഡയറീസിന് ശേഷം മോഹൻലാലിനൊപ്പം വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.
പിന്നീട് മമ്മൂട്ടിയുടെയും ജയറാമിന്റെയും സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചു. ബിജുമേനോൻ, പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം തന്നെയാണ് താരം കൈകാര്യം ചെയ്തത്. അങ്ങനെ സൂപ്പർസ്റ്റാറുകളുടെ കൂടെ സിനിമകൾ ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് അന്ന വ്യക്തമാക്കുന്നു. സിനിമയിൽ എത്തിയിട്ട് നാല് വർഷത്തോളമായിരിക്കുകയാണ്. ഇനി അഭിനയിക്കുന്ന കഥാപാത്രങ്ങളിലും തിരഞ്ഞെടുക്കുന്ന സിനിമയിൽ മാറ്റം വരുത്തണമെന്ന് തീരുമാനത്തിലാണ് താരം.
ഇപ്പോൾ മധുരരാജയിൽ അഭിനയിക്കാൻ എത്തിയപ്പോൾ മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു അനുഭവം ആണ് അന്ന തുറന്ന് പറഞ്ഞിരിക്കുന്നത്. എല്ലാവരെയും വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് മമ്മൂക്ക എന്ന് അന്ന പറയുന്നു. നമ്മളൊക്കെ സെറ്റിലേക്ക് വരുമ്പോൾ അദ്ദേഹം എഴുന്നേറ്റു നിൽക്കും. ആദ്യം അങ്ങനെ ഉണ്ടായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി, എൻറെ പുറകിൽ ആരെങ്കിലും ഉണ്ടോ എന്ന്. അത്രയേറെ കൂടെ ജോലി ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് മമ്മൂക്ക എന്നാണ് അന്ന രാജൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.