വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുക്കം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയെടുത്ത താരമാണ് സുചിത്ര. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ബിഗ്സ്ക്രീനിൽ എന്നതുപോലെതന്നെ മിനിസ്ക്രീനിലും സജീവമായി അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.
എന്നാൽ ഇടക്കാലത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ മുരളി എന്നയാളെ വിവാഹം ചെയ്ത് അഭിനയരംഗത്തു നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. 2002 ഐവി ശശി സംവിധാനം ചെയ്ത ആഭരണച്ചാർത്ത് എന്ന ചിത്രത്തിലാണ് മലയാളികൾ അവസാനമായി സുചിത്രയെ കണ്ടത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ല എങ്കിൽപോലും സമൂഹമാധ്യമങ്ങളിൽ അടക്കം സുചിത്ര സജീവ സാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ ഒക്കെയായി താരം പലപ്പോഴും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.
വിദേശത്താണ് സ്ഥിരതാമസമാക്കി ഇരിക്കുന്നത് എങ്കിൽ പോലും നാടൻ തനിമയും ഇഷ്ടങ്ങളും ഒന്നും താൻ മറന്നിട്ടില്ല എന്ന് സുചിത്ര വ്യക്തമാക്കുന്നു. മാത്രവുമല്ല സിനിമയിലേക്ക് തന്റെ തിരിച്ചു വരവ് ഉടനുണ്ടാകുമെന്നും കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചു മാത്രമേ അത് ഇനി ചെയ്യുകയുള്ളൂ എന്നുമാണ് സുചിത്ര പറഞ്ഞിരിക്കുന്നത്. ഇപ്പോഴും താൻ തീയേറ്ററിൽ പോയി ചിത്രങ്ങളൊക്കെ കാണാറുണ്ട് എന്നാണ് സുചിത്ര വ്യക്തമാക്കുന്നത്. എൻറെ സ്നേഹം നിനക്കു മാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊതിക്കാച്ചിയ പൊന്ന്, സ്വർണ്ണ ഗോപുരം, വൃത്തം, കുട്ടേട്ടൻ, അഭിമന്യു, ഹിറ്റ്ലർ, കാക്കക്കുയിൽ, രാക്ഷസരാജാവ്, രാക്കിളിപാട്ട്, ഭരതം, കള്ളൻ കപ്പലിൽ തന്നെ, സ്ത്രീധനം, കാശ്മീരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ സുചിത്രയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
1978 ആരവം എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിലേക്ക് കടന്നുവന്നത്. അതിനുശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വർണ്ണ ഗോപുരം എന്നി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുകയുണ്ടായി. വിവാഹശേഷം അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവർക്കൊപ്പമാണ് ഇപ്പോൾ താരം. ഒപ്പം നാട്യഗൃഹം ഡാൻസ് അക്കാദമി എന്ന സ്കൂൾ നടത്തിവരികയാണ്.
അടുത്തിടെ തനിക്ക് സിനിമകളിലെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇത് താൻ ചെയ്യേണ്ടിയിരുന്നത് അല്ലേ എന്ന് തോന്നാറുണ്ട് എന്ന് സുചിത്ര അഭിമുഖത്തിൽ പറഞ്ഞിരുന്നു. സഹോദരനും സംവിധായകനുമായ ദീപു കരുണാകരൻ ഒരുക്കിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് രണ്ടാം തിരിച്ചുവരവ് ഏറെ ആലോചിച്ചിരുന്നു എങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
നിരവധി സെൽഫി ചിത്രങ്ങളാണ് ഇതിനോടകം സുചിത്ര തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ചിത്രത്തിനും വളരെ മികച്ച പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. ചിത്രത്തോടൊപ്പം തന്നെ അതിനു നൽകുന്ന ക്യാപ്ഷനുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രായം 47 ആയെങ്കിലും ബാലതാരമായി അരങ്ങേറിയപ്പോഴുള്ള സൗന്ദര്യത്തിന് യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.