മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റ്മായ അംബിക പിള്ളയെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല. സിനിമയിലും ടെലിവിഷൻ പരിപാടികളിലും പ്രവർത്തിച്ചുവന്നിരുന്ന അംബികയുടെ വിശേഷങ്ങൾ കുറച്ചുനാളായി ആരും അറിയുന്നുണ്ടായിരുന്നില്ല. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ അഭിമുഖമാണ് അംബിക പിള്ളയുടെ ജീവിതത്തെ കുറിച്ചുള്ള അറിവുകൾ ആരാധകരിലേക്ക് പകരുന്നത്.. പതിനേഴാമത്തെ വയസ്സിലായിരുന്നു അംബിക പിള്ളയുടെ വിവാഹം. ഇരുപത്തിരണ്ടാം വയസ്സിൽ അമ്മയായി. ഇരുപത്തിനാലാം വയസ്സിൽ വിവാഹമോചനവും നേടി. സ്വന്തം വീട്ടിൽ എത്ര കാലം വേണമെങ്കിലും തനിക്ക് കഴിയാം ആയിരുന്നു. കൊല്ലത്തെ വ്യവസായി ഗോപിനാഥ് പിള്ളയുടെയും, ശാന്ത പിള്ളയുടെയും മകളായ അംബികാ സ്വന്തം കാലിൽ നില്ക്കാൻ ആണ് ആഗ്രഹിച്ചത്. ബ്യൂട്ടീഷൻ ആയി ജോലി നോക്കുന്നതിനായി ഡൽഹിയിൽ എത്തിയപ്പോൾ സ്വപ്നങ്ങളും രണ്ടു വയസ്സുള്ള കുഞ്ഞും ആയിരുന്നു അംബികയ്ക്കുള്ള ഊർജ്ജം. പരിചയമില്ലാത്ത നാട്, ഭാഷ വശമില്ല. ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ മുടി വെട്ടാൻ അറിയില്ല എന്ന് പറഞ്ഞ് ജോലിസ്ഥലത്തു നിന്നും പുറത്താക്കി. അത്ര എളുപ്പമായിരുന്നില്ല കരിയറിൻ്റെ തുടക്കം. അംബികയുടെ വാക്കുകളിങ്ങനെ; അതൊന്നും എന്നെ തളർത്തിയിട്ടില്ല.
എനിക്ക് എൻറെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മൾ മാത്രം ആശ്രയം ഉള്ള ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനമായി അധ്വാനിക്കുക. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയമായതോടെ കഷ്ടപ്പാടുകൾ എല്ലാം മാറിവരികയായിരുന്നു. എല്ലാ വെല്ലുവിളികളെയും കഠിനാധ്വാനം കൊണ്ടാണ് അതിജീവിച്ചത്. കുറെ പണം ഉണ്ടാക്കുന്നതോ, വലിയ വീടുകളോ കാറുകളോ വാങ്ങുന്നതോ ഒന്നുമല്ല ജീവിതത്തിൽ പ്രധാനം. മറിച്ച് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടായിരിക്കും എന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന കാൻസർ രോഗം എന്നെയും പിടികൂടിയത്. എനിക്ക് ഈ രോഗത്തോടുള്ള പേടികൊണ്ട് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒക്കെ ഞാൻ പാലിച്ചു വന്നിരുന്നു. സ്തനാർബുദം എങ്ങനെയാണ് തിരിച്ചറിയുക എന്നത് പഠിച്ച് കൃത്യമായി ചെയ്തു നോക്കിയിരുന്നു. 40 വയസ്സിനു ശേഷം ഗർഭാശയത്തിൽ ഉള്ള ക്യാൻസർ തിരിച്ചറിയാനുള്ള ടെസ്റ്റുകൾ എല്ലാ വർഷവും മുടങ്ങാതെ ചെയ്യുകയും ചെയ്തു.
ഇടയ്ക്ക് ഫുൾ ബോഡി ചെക്കപ്പും ഉണ്ടായിരുന്നു. കൊവിഡ് കാലത്തും വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയത് ഇല്ല. അതോടെ ആശുപത്രിയിലെ പോക്കും പരിശോധനകളും എല്ലാം മുടങ്ങി. ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ അസഹ്യമായ തലകറക്കം. ഫിസിഷനോട് ചോദിച്ചപ്പോൾ ബിപി ഡൗണായതായിരിക്കും എന്നാണ് പറഞ്ഞത്. ചെക്കപ്പ് ചെയ്തു. നിർദ്ദേശിച്ച ഗുളികകൾ കഴിച്ച്, എക്സസൈസ് ചെയ്തു രണ്ടു ദിവസത്തിനകം തലകറക്കം മാറി. പിന്നീട് ചെക്കപ്പ് റിസൾട്ടിൻ്റെ കാര്യം മറന്നു. ഈ ടെസ്റ്റ് റിസൾട്ട് വന്നപ്പോഴാണ് സംശയാസ്പദമായ വിധത്തിൽ മാമോഗ്രാം ഇൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് നടത്തിയ ബയോപ്സി പരിശോധനയിൽ സ്തനാർബുദം ആണ് എന്ന് സ്ഥിരീകരിച്ചു. ആ തലകറക്കം വന്നതോടെയാണ് അർബുദബാധ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത്. അതോർത്ത് സമാധാനിക്കാം എന്നായിരുന്നു ഡോക്ടർ ആശ്വസിപ്പിച്ചത്. അതുകൊണ്ട് കീമോതെറാപ്പി ഒന്നും വേണ്ടി വന്നില്ല. സർജറിക്കുശേഷം റേഡിയേഷൻ തെറാപ്പി ചെയ്തു. അഞ്ചോ പത്തോ വർഷം ഹോർമോൺ തെറാപ്പി വേണ്ടിവരും. രോഗത്തെ അതിജീവിച്ച താൻ ഏറെ കരുത്തോടെ തിരികെ വരും. എന്നും അംബിക പിള്ള പറയുന്നു.