നാളുകൾക്ക് ശേഷം മോഹൻലാലിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഗായകൻ ഉണ്ണിമുകുന്ദൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു… നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ടെന്ന് കുറിപ്പിൽ പറയുന്നു
കുറിപ്പിങ്ങനെ
നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്.
ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ്യൂമിലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.
അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്രചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ. ലാലിന് ഒരിക്കൽ കൂടി എന്റെ സ്നേഹാദരങ്ങൾ