in

24-ാം വയസ്സിലായിരുന്നു കല്യാണം, ഷഫ്ന എനിക്കു ദൈവം തന്ന ഗിഫ്റ്റാണ്, സജിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവന്‍ എന്ന കഥാപാത്രത്തെയാമ് സജിന്‍ അവതരിപ്പിക്കുന്നത്. നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് താരം. പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച സജിന്‍ ഇപ്പോള്‍ സീരിയല്‍ രംഗത്തെ മിന്നും താരമാണ്. 11 വര്‍ഷം അവസരം തേടി നടന്ന ശേഷമാണ് സജിന്‍ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

സജിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പ്ലസ്ടു എന്ന സിനിമയില്‍ അഭിനയിച്ചത് 10 വര്‍ഷം മുമ്ബാണ്. അതുകഴിഞ്ഞ് ഒരു തമിഴ് സീരിയല്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അന്‍പത് എപ്പിസോഡില്‍ തീര്‍ന്നു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സാന്ത്വനവും ശിവനും തേടിയെത്തിയത്. ഇത്രയും വലിയ ഒരു സ്വീകാര്യത പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. അഭിനയരംഗത്ത് എത്തണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും. പ്ലസ് ടു എന്ന ചിത്രത്തിനു ശേഷം കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. അതിനിടെ കല്യാണം കഴിഞ്ഞിരുന്നു. പ്രാരബ്ദങ്ങള്‍ കൂടി. അതോടെ ഒരു കാര്‍ ഷോറൂമില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിക്കു കയറി. അതിനിടയിലും ചാന്‍സ് ചോദിക്കലും ഓഡിഷനില്‍ പങ്കെടുക്കലുമൊക്കെ സജീവമായിരുന്നു. ലീവിന്റെ പ്രശ്നങ്ങള്‍ വന്നതോടെയാണ് ആ ജോലി വിട്ട് മെഡിക്കല്‍ റെപ്പായത്. അപ്പോള്‍ കൂടുതല്‍ ഫ്രീ ടൈം കിട്ടി. 11 വര്‍ഷത്തോളം അവസരം തേടിയുള്ള അലച്ചിലായിരുന്നു. ആ യാത്രയാണ് സാന്ത്വനത്തില്‍ എത്തിനില്‍ക്കുന്നത്.

ഷഫ്നയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും. എന്റെ ആഗ്രഹം മനസ്സിലാക്കി ഒപ്പം നിന്നവരാണ് അവര്‍. വേറെ എന്തെങ്കിലും ജോലി നോക്ക്, ഇതിന്റെ പിന്നാലെ നടന്ന് ജീവിതം കളയാതെ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് എനിക്ക് ഊര്‍ജ്ജമായത്. തൃശ്ശൂര്‍ അന്തിക്കാടാണ് വീട്. അച്ഛന്‍: പുഷ്പന്‍, അമ്മ: അംബിക. കല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായി. എന്റെ 24-ാം വയസ്സിലായിരുന്നു കല്യാണം. ഷഫ്ന ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിച്ച ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കുറേ പ്രശ്നങ്ങളുണ്ടായി. എന്റെ വീട്ടില്‍ കുഴപ്പമുണ്ടാകുന്നില്ലെങ്കിലും ഷഫ്നയുടെ വീട്ടില്‍ അംഗീകരിച്ചില്ല. മതം, ജോലി, പ്രായം ഒക്കെ പ്രശ്നമായിരുന്നു. ഇപ്പോള്‍ എല്ലാ അകല്‍ച്ചകളും മാറിവരുന്നു. അവള്‍ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാറൊക്കെയുണ്ട്.

ഷഫ്ന എനിക്കു ദൈവം തന്ന ഗിഫ്റ്റാണ്. സാന്ത്വനത്തിലെ അവസരം കിട്ടയതും ഷഫ്ന കാരണമാണ്. നിര്‍മ്മാതാവായ രഞ്ജിത്തേട്ടനേയും ഭാര്യ ചിപ്പിയേയും ഷഫ്നക്ക് ചെറുപ്പം മുതലേ അറിയാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് സൂര്യനുള്‍പ്പെടെ പലര്‍ക്കും ഷഫ്ന പറഞ്ഞ് എന്റെ അഭിനയമോഹവും അറിയാം. അദ്ദേഹമാണ് ഇങ്ങനെയൊരു സീരിയല്‍ തുടങ്ങുന്നുണ്ട്, ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞത്. സീരിയല്‍ വേണോ വേണ്ടയോ എന്ന് ആദ്യം ചെറിയ സംശയം തോന്നിയിരുന്നുവെങ്കിലും രഞ്ജിത്തേട്ടന്‍ ക്യാരക്റ്ററിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചെയ്യാം എന്നു തീരുമാനിച്ചു. മാത്രമല്ല, രജപുത്ര എന്ന വലിയ ബാനറിന്റെ ഭാഗമായി ജോലി ചെയ്യുകയെന്നതും ഭാഗ്യമാണല്ലോ. രഞ്ജിത്തേട്ടന്‍, ചിപ്പി ചേച്ചി, സംവിധായകന്‍ ആദിത്യന്‍ സാര്‍, ക്യാമറാമന്‍ അലക്സേട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി ചേട്ടന്‍, ഗിരിജ ചേച്ചി, ഒപ്പം അഭിനയിക്കുന്നവര്‍…എല്ലാവരോടും നിറഞ്ഞ സ്നേഹമാണ്.

ഞാനും ഷഫ്നയും പരിചയപ്പെട്ടത് പ്ലസ്ടു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. ഷെഡ്യൂള്‍ കഴിയാറായപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്. ഞാന്‍ പൊതുവേ സംസാരിക്കാന്‍ ചമ്മലും സഭാകമ്ബവും ഒക്കെയുള്ളയാളാണ്. പതിയെപ്പതിയെ സൗഹൃദം പ്രണയമായി. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞാണ് വിവാഹത്തിലേക്ക് എത്തിയത്. മക്കളായിട്ടില്ല. ചില ചിത്രങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ചേട്ടന്റെ മകളെ കണ്ട് പലരും ഞങ്ങളുടെ മോളാണെന്ന് കരുതിയിട്ടുണ്ട്. സീരിയലിന് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിട്ടില്ല. ഇത് ശിവന്റേതിനേക്കാള്‍ സാന്ത്വനത്തിന്റെ ജനപ്രീതിയാണ്. വലിയ സന്തോഷം. 11 വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നു പറയുംപോലെയാണ് കാര്യങ്ങള്‍’.

Written by admin

ക്യൂട്ട് ലുക്കിൽ യുവ താരം അന്ന ബെൻ, പുത്തൻ ചിത്രങ്ങൾ കാണാം

ഹെവി വർക്കൗട്ട് മായി പാർവതി തിരുവോത്ത്: ചിത്രങ്ങൾ