കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം. ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ അഹാന കൃഷ്‌ണ, ദിയ കൃഷ്‌ണ, ഇഷാനി കൃഷ്‌ണ, ഹൻസിക കൃഷ്‌ണ എന്നിവരോടൊപ്പം കൃഷ്‌ണകുമാർ മാദ്ധ്യമങ്ങളെ കാണുകയും ചെയ്‌തു. അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്.
കഴിഞ്ഞ തവണ ഇലക്ഷന് നിന്നതിനേക്കാൾ ഒരുപാട് പോസിറ്റീവ് വീഡിയോകൾ അച്ഛനെപ്പറ്റി ഞാൻ ഇത്തവണ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. മുമ്പ് മറ്റ് പാർട്ടികൾക്കൊപ്പം നിന്നിരുന്ന എന്റെ സുഹൃത്തുക്കളിൽ പലരും അച്ഛന്റെ വീഡിയോ ഇപ്പോൾ അയച്ച് തരുന്നുണ്ട്. അച്ഛൻ ജയിക്കും എന്നാണ് അവരും പറയുന്നത്. കോളേജിൽ തടഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണമാണ് കൂടുതൽപേരും പറയുന്നത്. കൃഷ്‌ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് അവർ പറഞ്ഞു. അച്ഛൻ എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത്. എല്ലാവരെയും സഹായിക്കണം എന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ ഒരുപാടുപേർക്ക് സഹായം ചെയ്‌തിട്ടുണ്ട്. ‘ – ദിയ കൃഷ്‌ണ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പമുണ്ടാകുമെന്ന് കൃഷ്‌ണകുമാർ പറഞ്ഞു. ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ജീവിതത്തിൽ വലിയ ദൈവാനുഗ്രഹം കിട്ടിയിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നും എപ്പോഴും ദൈവം എനിക്കൊരു നല്ല ജീവിതം തന്നിട്ടുണ്ട്. അതുപോലെ കുടുംബമായിക്കഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. ഞാൻ സിനിമാ രംഗത്ത് വന്നു. ഞാൻ പലപ്പോഴും ഒരു സ്ട്രഗ്‌ളർ ആയിരുന്നു. പിന്നീട് മക്കൾ അതുപോലെ ഈ രംഗത്ത് തന്നെ വന്നു.’ – കൃഷ്‌ണകുമാർ പറ ഞ്ഞു.
’ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം മക്കളെ സ്വീകരിച്ചു, സ്‌നേഹിച്ചു. അവരെ അംഗീകരിച്ചു. ഇവരെ ധാരാളം പേർ സ്‌നേഹിക്കുന്നുണ്ട്. അതാണ് ഇന്നെനിക്ക് അനുഗ്രഹമായി കിട്ടിയിരിക്കുന്നത്. അച്ഛൻ ഫൈറ്റ് ചെയ്യണമെന്നാണ് മക്കൾ പറഞ്ഞത്. അവസാന പത്ത് ദിവസങ്ങളിൽ വേണ്ട രീതിയിൽ ഞങ്ങൾ സഹായിക്കാമെന്നും അവർ പറഞ്ഞു. ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് എന്നെ സഹായിക്കാനാണ് ഇവർ കൊല്ലത്ത് വന്നിരിക്കുന്നത്.