വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ജീവിതത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും താരം പറയുന്നതിങ്ങനെ, പണ്ട് ശബ്ദം ഇങ്ങനെയായിരുന്നില്ല. ആർഎൽവി യിൽ പഠിക്കുമ്പോഴൊക്കെ നല്ല ശബ്ദം തന്നെയായിരുന്നു. തുടർച്ചയായി നാടകം കളിക്കുകയും അതിലെ ഡയലോഗ് ഡെലിവറിയും ആയിരിക്കാം ശബ്ദം ഇങ്ങനെയായി പോകാൻ കാരണമെന്ന് തോന്നുന്നു. സംസാരിക്കുമ്പോഴാണ് സൗണ്ട് വേരിയേഷൻ ഉണ്ടാവുന്നത്. എന്നാൽ പാടുമ്പോൾ കുഴപ്പമില്ല
പല ഇഎൻടി സ്പെഷലിസ്റ്റുകളെയും ഞാൻ പോയി കണ്ടു. ഇമോഷനലായാലും മാനസിക ബുദ്ധിമുട്ട് ഉണ്ടായാലും അത് പെട്ടെന്ന് എന്നെ ബാധിക്കുന്നത് തൊണ്ടയിലാണ്. അലറിവിളിച്ച് അഭിനയിച്ചാൽ അപ്പോൾ ശബ്ദം മാറും. വേണമെങ്കിൽ സർജറി ചെയ്തു ശരിയാക്കാം. പക്ഷേ ഡോക്ടർ പറഞ്ഞത് സീമയുടെ ഈ വോയിസാണ് എല്ലാവർക്കും പരിചയമുള്ളത്. അതുകൊണ്ട് വോയിസ് മാറ്റണ്ട. സർജറി ചെയ്താൽ കുറച്ചുകൂടി സ്വീറ്റ് വോയ്സ് കിട്ടും. അന്നേരം ആള് മാറിപ്പോകും. ഡബ്ബ് ചെയ്യുമ്പോഴും ഒരാളോട് ഫോണിൽ സംസാരിക്കുമ്പോഴും പുതിയ ശബ്ദമായിരിക്കും കേൾക്കുക. വൃത്തികെട്ട ശബ്ദമാണെങ്കിലും എല്ലാവരും പറയുന്നത് ഈ വോയിസാണ് ഇഷ്ടമെന്ന്. ഏത് ആൾക്കൂട്ടത്തിനിടയിലും എന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്നാണ് അവർ പറയുന്നത്.
ശരണ്യയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയായിരുന്നു. ഈശ്വരൻ അവളെ കൊണ്ടുപോയി. നന്ദു മഹാദേവ… ഹൃദയത്തോട് ചേർത്തു പിടിച്ച ആ കുട്ടിയും പോയി. അങ്ങനെ ഒരുപാട് പേരുണ്ട്. അസുഖം ബാധിച്ചവരെ സഹായിക്കണമെന്ന് പറഞ്ഞു ധാരാളം ആളുകൾ വരുന്നുണ്ട്. അത്രയും കഷ്ടപ്പെട്ടാണ് അവർ വരുന്നത്.ഇതേ ആവശ്യവുമായി നൂറുകണക്കിന് മെസ്സേജുകളും ഫോൺ വിളികളും വരുന്നുണ്ട്.ഓരോരുത്തരെയും കഴിവിന്റെ പരമാവധി സഹായിക്കാൻ ശ്രമിക്കാറുണ്ട്. ചാരിറ്റിയുടെ പേരിൽ വ്യക്തിപരമായിആക്ഷേപങ്ങളൊന്നും ഇതുവരെ കേൾക്കേണ്ടി വന്നിട്ടില്ല. നാളെ എന്താവും കേൾക്കാൻ പോകുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്.