മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളില്‍ താരം സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പാണ് ഡിംപിള്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഗഭിണിയായതിനെ തുടര്‍ന്ന് താരം സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആരോടും ഒന്നും പറയാതെയായിരുന്നു ഡിംപിള്‍ ഇടവേള എടുത്തത്. കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും സജീവമാവുകയായിരുന്നു. നിരവധി നെഗറ്റീവ് കമന്റുകളും നടി നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിത നെഗറ്റീവ് കമന്റിനെ കുറിച്ചും അവയെ നേരിടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് ഡിംപിള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുപഖത്തിലാണ് ഡിംപിള്‍ ഇക്കാര്യം പറഞ്ഞത്.
സെലിബ്രിറ്റികള്‍ക്കും മനസും വികാരങ്ങളുമുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്ബോള്‍ അത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. അപ്സരയുടെ കാര്യത്തിലായാലും തന്റെ അനുഭവങ്ങളായാലും വേദന തോന്നിയ കാര്യങ്ങളാണ് നെഗറ്റീവ് കമന്റുകളും വ്യാജ പ്രചാരണവും. ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. താരങ്ങളും അങ്ങനെ തന്നെയാണ്. ഒരു ക്ലിക്കിന് വേണ്ടി മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന കണ്ടന്റുകള്‍ നല്‍കരുതെന്നാണ് തനിക്ക് പറയാനുള്ളത്. കഥാപാത്രങ്ങള്‍ക്കപ്പുറത്ത് സെലിബ്രിറ്റികള്‍ക്കും സ്വകാര്യ ജീവിതമുണ്ട്. വ്യക്തി ജീവിതത്തിലെ എല്ലാ കാര്യങ്ങളും പുറംലോകത്തോട് പങ്കുവെക്കണമെന്നില്ല. രണ്ടാം വിവാഹം പോലെയുള്ള കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചരിക്കുമ്ബോള്‍ അത് എങ്ങനെയായിരിക്കും അവരെ ബാധിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.
വിവാഹത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമാണ്. ആരെ വിവാഹം ചെയ്യണമെന്നുള്ളത് അവരവരുടെ തീരുമാനമാണ്. വയസും രൂപവുമൊക്കെ വ്യക്തിപരമായ തീരുമാനങ്ങളിലുള്പ്പെടുന്നതാണ്. അതേക്കുറിച്ച് മറ്റൊരാള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. വൈറലായ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പലപ്പോഴും ആളുകള്‍ തിരിച്ചറിയാറില്ല. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കില്‍ പ്രതികരിക്കാതിരിക്കണം, അതേക്കുറിച്ചെങ്കിലും ആളുകള്‍ക്ക് ചിന്തിച്ചൂടേയന്നും ഡിംപിള്‍ ചോദിക്കുന്നു.
വ്യക്തിപരമായി നിരവധി തവണ താന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്നും ഡിംപിള്‍ തുറന്നുപറഞ്ഞിരുന്നു. തമാശയെന്ന പേരിലുള്ള പല പ്രയോഗങ്ങളും അതാത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ യാഥാര്‍ത്ഥ്യം അറിയാനെങ്കിലും ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണെന്നും ഡിംപിള്‍ പറയുന്നു.