യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്.
ഏഴാം വിവാഹവാർഷികം ആഘോഷിച്ച് ടോവിനോ തോമസ്. വിവാഹ വാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രം ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. “ഇമ്മിണി വല്യ ഒന്ന്. ഞങ്ങൾ ഇന്ന് ഏഴു വർഷത്തെ കൂട്ടായ്മ ആഘോഷിക്കുകയാണ്. എന്റെ എല്ലാ സന്തോഷവും നിങ്ങളിലാണ് .എല്ലാ വിഷമതകളും നിങ്ങളിലെത്തുമ്പോൾ ഇല്ലാതാവുന്നു. പ്രിയപ്പെട്ട ലിഡിയക്കും എന്റെ കുഞ്ഞുങ്ങൾക്കും ആശംസകളെന്നാണ് ആരാധകർ കുറിച്ചത്.
റെബ ജോൺ, സംയുക്ത മേനോൻ, അഹാന കൃഷ്ണ, നമിത, ഗിന്നസ് പക്രു, മിഥുൻ രമേഷ്, റിമി ടോമി, സിതാര കൃഷ്ണകുമാർ, ശിൽപ്പ ബാല, ധന്യ വർമ്മ തുടങ്ങി സിനിമാരംഗത്തെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും ദുൽഖർ സൽമാന്റെ എബിസിഡി എന്ന സിനിമയിലെ വില്ലൻ വേഷമായിരുന്നു ടൊവിനോയെ ശ്രദ്ധേയനാക്കിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു ടൊവിനോ എത്തിയത്.സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു.