തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഖുശ്ബു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദർ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.
പ്രായം നോക്കാതെ വർക്കൗട്ട് നടത്തി ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് ഖുശ്ബു. ഇപ്പോഴിതാ, ശരീര ഭാരം കുറയ്ക്കുന്നതിനു മുൻപും അതിനുശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. അന്നും ഇന്നും, വലിയ വ്യത്യാസമൊന്നുമില്ല, 15 കിലോ കുറച്ചതൊഴിച്ചാൽ, ഇതായിരുന്നു ഫൊട്ടോയ്ക്കൊപ്പം ഖുശ്ബു എഴുതിയത്. നിരവധി പേരാണ് കഠിനാധ്വാനത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
അടുത്തിടെ ബ്ലാക്ക് ജംപ്സ്യൂട്ടിൽ ഹെഡ്ബാൻഡും ധരിച്ചുള്ള ഖുശ്ബുബിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നു കുറിച്ചു കൊണ്ടാണ് ഖുശ്ബു ചിത്രങ്ങൾ ഷെയർ ചെയ്തത്. ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു നേരത്തെ ഖുശ്ബു പറഞ്ഞത്.