മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് എൺപത്തിയെട്ടാം പിറന്നാൾ. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യതയായി മാറി. 1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് മധുവിന് ജന്മദിനാശംസകൾ നേർന്നത്. ‘എന്റെ സൂപ്പർസ്റ്റാറിനു പിറന്നാൾ ആശംസകൾ’ എന്നാണ് മധുവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്ന് നിരവധി അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു.കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.
നടനും എംപിയുമായ സുരേഷ് ഗോപിയും മധുവിന് പിറന്നാൾ ആശംസകൾ നേർന്നു.’മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.