തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ല. പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതല്‍ കഴിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. നിശബ്ദ പ്രചാരണം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാളത്തെ ദിനത്തെ ഓർത്ത് വ്യഗ്രതയില്ല. ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ് എല്ലാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആ നിശ്ചയത്തിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും നല്ലത് മാത്രം അനുഗ്രഹമായി വർഷിക്കണേ. സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല അതിനാൽ തന്നെ തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിച്ചിട്ടില്ല. ജീവിതത്തിൽ നല്ലതെല്ലാം സംഭവിക്കണേ എന്ന പറയുന്നതിൽ ജീവിതത്തിൽ അനുഗ്രഹമാകുന്നതെല്ലാം സംഭവിക്കണേയെന്നാണ്. ഇലക്ഷനൊക്കെ അതിൽ ഉൾപ്പെടുന്നതല്ലേയെന്നും അദ്ദേഹം പറഞ്ഞു.