കാസർകോട് ചീമേനി ചെമ്പ്രകാനം ഈസ്റ്റിൽ പഞ്ചായത്ത് ജീവനക്കാരിയായ വീട്ടമ്മയേയും രണ്ട് ആൺമക്കളെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കാസർകോട് ചീമേനി ചെമ്പ്രകാനം-പെരുന്തോൽ കോളനി റോഡിലെ വീട്ടിനകത്താണ് 31 കാരിയായ പി.സജനയേയും മക്കളായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും ഒമ്പത് വയസുകാരനുമായ ഗൗതം, നാല് വയസുകാരനും യുകെജി വിദ്യാർത്ഥിയുമായ തേജസ് എന്നിവരെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്‌നമാണെന്ന് സൂചന.
ചോയ്യങ്കോട് കെഎസ്ഇബി സബ് എഞ്ചിനീയർ രഞ്ജിത്തിന്റെ ഭാര്യയും പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കുമാണ് സജന. ചീമേനി വിവേകാനന്ദ വിദ്യാമന്ദിർ വിദ്യാർത്ഥികളാണ് കുട്ടികൾ. വീടിന്റെ മുകൾ നിലയിലെ മേൽക്കൂരയിലുള്ള ജിഐ ഷീറ്റിന്റെ പൈപ്പിൽ മുറുക്കിയ ഷാൾ കഴുത്തിൽ ചുറ്റി മരിച്ച നിലയിലായിരുന്നു സജന. കൈയിൽ നിന്നും ചോര വാർന്നു പോകുന്ന നിലയിലായിരുന്നു.
മക്കൾ രണ്ടു പേരും ഒന്നാം നിലയിലെ കിടപ്പുമുറിയിൽ നിലത്ത് കിടക്കയിൽ മരിച്ച നിലയിലായിരുന്നു. വീട്ടിലെ താഴെ നിലയിലുണ്ടായിരുന്ന രഞ്ജിത്തിന്റെ പിതാവ് ശിവശങ്കരൻ ഉച്ചഭക്ഷണത്തിനായി കുട്ടികളെ വിളിക്കാൻ മുകളിലെത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ കഴുത്ത് മുറുക്കി കൊന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കരുതുന്നത്.
ചെമ്പ്രകാനത്തെ വീട്ടിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സജനയുടെ ഭർത്താവ് രഞ്ജിത്ത് വയനാട് മാനന്തവാടി സ്വദേശിയാണ്.