സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണിത്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കളിൽ മൂന്നുപേരും അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഒപ്പം യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമുമൊക്കെയായി ഫാഷൻ, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ഈ പെൺകുട്ടികളെല്ലാം തന്നെ. അഹാദിഷിക എന്നാണ് ഈ സഹോദരിമാർക്ക് ആരാധകർക്കിടയിലെ വിളിപ്പേര്.
ഇപ്പോഴിതാ, ഈ സഹോദരിമാരുടെ ആസ്തിയും വരുമാനകണക്കുകളുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കൊല്ലത്തുനിന്നും എൻഡിഎ സ്ഥാനാർഥിയായി കൃഷ്ണകുമാർ മത്സരിക്കുന്നുണ്ട്. അതിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് കുടുംബാംഗങ്ങളുടെ വരുമാനവിവരങ്ങളെക്കുറിച്ചുള്ള കണക്കുകൾ ഉള്ളത്.
കൃഷ്ണകുമാറിന്റെ വാർഷിക വരുമാനം 10.46 ലക്ഷം രൂപ എന്നാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയ്ക്ക് 2.10 ലക്ഷവും മക്കൾക്ക് നാലുപേർക്കും കൂടി 1.03 കോടി രൂപയുമാണ് വാർഷികവരുമാനമായി കാണിച്ചത്. 1.6 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും കൃഷ്ണകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
നിക്ഷേപമായി കാണിച്ചിരിക്കുന്നത്, 14.54 ലക്ഷം രൂപയാണ്. ഭാര്യയ്ക്ക് 72.23 ലക്ഷവും മക്കൾക്ക് 3.91 കോടിയുടെ നിക്ഷേപവും കാണിച്ചിരിക്കുന്നു. സ്വർണത്തിന്റെ കണക്കെടുക്കുമ്പോൾ, കൃഷ്ണകുമാറിന്റെ കൈവശം ആറര പവനും സിന്ധു കൃഷ്ണയ്ക്ക് 60 പവൻ സ്വർണ്ണവും 360 ഗ്രാം വജ്രവും കാണിക്കുന്നു. മക്കളുടെ കൈവശം 30 പവൻ സ്വർണ്ണമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.