കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറല്‍ താരമെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ. കേസില്‍ ഇവര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. അനുപമ പത്മന്‍ എന്ന പേരിലാണ് അനുപമയ്ക്ക് ചാനല്‍ ഉള്ളത്. ഇതിന് 4.99 ലക്ഷം സബ്‌സ്‌െ്രെകബേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 14000ത്തോളവും ഫോളോവേഴ്‌സ് ഉണ്ട്. നൃത്തം ചെയ്യുന്നതും റിയാക്ഷന്‍ വീഡിയോകളുമെല്ലാമായി നിരവധി വീഡിയോകള്‍ അനുപമ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇംഗ്ലീഷിലാണ് അവതരണങ്ങള്‍ ഏറെയും. മൃഗസ്‌നേഹിയാണ് അനുപമ. നിരവധി വളര്‍ത്തുനായ്ക്കള്‍ ഇവരുടെ വീട്ടിലുണ്ട്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായക്കളെ ദത്തെടുക്കുന്ന പതിവും ഇവര്‍ക്കുണ്ടത്രേ. നായ്ക്കളുടെ എണ്ണം കൂടിയതിനാല്‍ വീട്ടില്‍ താമസിപ്പിക്കാനാകുന്നില്ലെന്നും ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് നേരത്തേ അനുപമ ബാക്ക് അക്കൗണ്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടെ പങ്കുവെച്ച് പണപ്പിരിവും നടത്തിയിരുന്നു.
അതേസമയം അനുപമയുടേയും കുടുംബത്തിന്റേയും അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് പരിസരവാസികള്‍. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലുള്ളവരാണെന്നും എന്തിന് ഇവര്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തുവെന്ന അതിശയവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നു. പത്മകുമാറും കുടുംബവും പരിസരവാസികളുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പത്മകുമാറിന് നിരവധി ബിസിനസ് ഉണ്ടെന്നും അടുത്തിടെയായി കടബാധ്യത ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ പറയുന്നുണ്ട്.
കമ്പ്യൂട്ടര്‍ വിദഗ്ദനാണ് പത്മകുമാര്‍. പ്രമുഖ എന്‍ജിനിയറിംഗ് കോളേജില്‍ നിന്നും റാങ്കോടെ പാസായ പത്മകുമാര്‍ പക്ഷേ മറ്റ് ജോലികള്‍ തേടാതെ നേരിട്ട് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ്സ്റ്റാര്‍, ബിരിയാണി കച്ചവടം, കൃഷി, റിയല്‍ എസ്‌റ്റേറ്റ്, കേബിള്‍ ടിവി തുടങ്ങി പല ബിസിനസുകളും ചെയ്തിട്ടുണ്ട്. ഇയാള്‍ പോളച്ചിറയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരു ഫാം ഹൗസ് ഉണ്ട്. കൂടാതെ തമിഴ്‌നാട്ടില്‍ കൃഷിയും ഉണ്ട്.
ചാത്തന്നൂരില്‍ ബേക്കറിയും നടത്തുന്നുണ്ട്. എന്നാല്‍ ഇവിടേക്ക് പത്മകുമാര്‍ പതിവായി പോകാറില്ല. അതേസമയം സംഭവം നടന്നതിന്റെ തലേന്നാള്‍ ഫാം ഹൗസിലും ബേക്കറിയിലുമെല്ലാം പത്മകുമാര്‍ പോയിരുന്നു. വീട്ടിലെ നായകളെ ഫാം ഹൗസില്‍ ആക്കിയാണ് കുടുംബം ഇവിടെ നിന്ന് മടങ്ങിയത്. തമിഴ്‌നാട്ടിലുള്ള കൃഷിയിടത്തിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും കുടുംബം പോയത്. അറസ്റ്റിലാകുന്നതിന് തലേന്നാള്‍ ഫാം ഹൗസിലെ ജീവനക്കാരെ വിളിച്ച് തങ്ങള്‍ തമിഴ്‌നാട്ടിലാണ് ഉള്ളതെന്നും കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇവരാണെന്ന് ഒരിക്കല്‍ പോലും ജീവനക്കാര്‍ക്ക് പോലും സംശയം തോന്നിയിരുന്നില്ല.
അനുപമ പദ്മന്റെ മാസവരുമാനം 3 മുതല്‍ 5 ലക്ഷം വരെയായിരുന്നുവെന്ന് എഡിജിപി അജിത് കുമാര്‍. അസലായി ഇംഗ്‌ളീഷും സംസാരിക്കും. നിയമവിദ്യാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന അനുപമ കൃത്യത്തിന് കൂട്ടുനിന്ന സാഹചര്യം വിശദീകരിക്കുകയായിരുന്നു എഡിജിപി.
”ഒരു വര്‍ഷം മുമ്പാണ് കുട്ടിയെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലൂടെ പണമുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് പദ്മകുമാറും ഭാര്യ അനിതാകുമാരിയും എത്തുന്നത്. അനിതാ കുമാരിയായിരുന്നു ബുദ്ധികേന്ദ്രം. മകള്‍ അനുപമയ്ക്കും പദ്മകുമാറിന്റെ അമ്മയ്ക്കും ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പണത്തിന്റെ ആവശ്യം അടിയന്തരമായി വന്നതോടെ കിഡ്‌നാപ്പിംഗ് എന്ന ആവശ്യത്തിലേക്ക് തന്നെ എത്തുകയായിരുന്നു. അതിനിടെ ജൂണ്‍ 28ന് അമ്മ മരിച്ചു. അനുപമയുടെ യൂട്യൂബില്‍ നിന്നുള്ള മാസവരുമാനം 3 ലക്ഷം മുതല്‍ 5 ലക്ഷം വരെയായിരുന്നു.