മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലൂടെ ശ്രദ്ധേയയാണ് നടി അഭിരാമി. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ സിനിമകളിൽ നായികയായി എത്തിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി. കഴിഞ്ഞ വർഷമാണ് അഭിരാമി ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. ഇപ്പോളിതാ മകളെക്കുറിച്ച് പറയുകയാണ് അഭിരാമി.
മകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അഭിരാമി മനസ് തുറന്നത്. മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണം വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും.
വളരെ കുസൃതിയാണ്. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. പ്രകൃതി വളരെ ഇഷ്ടമാണ്. വളരെ ഹാപ്പിയായ കുട്ടിയാണെന്നും അഭിരാമി ചൂണ്ടിക്കാട്ടി. കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നത്.
View this post on Instagram
മാതൃത്വമെന്നത് ഒരു ചോയ്സ് ആണ്. ഏത് പെൺകുട്ടിക്കും എപ്പോൾ അമ്മയാകണം, കുഞ്ഞ് വേണമെന്നോ വേണ്ടായെന്നോ, എത്ര കുട്ടികൾ വേണം, പ്രസവിക്കണമോ ദത്തെടുക്കണോ എന്നൊക്കെയുള്ളത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. മാതൃത്വം എന്നത് എന്റെ ഐഡന്റിറ്റിയുടെ വലിയൊരു അംശമാണ്. പക്ഷെ അത് മാത്രമല്ല എന്റെ പൂർണ ഐഡന്റിറ്റി. എനിക്ക് ഒരുപാട് റോളുകൾ ഉണ്ട്. ദത്തെടുക്കലിനെ സാധാരണ പോലെയാണ് കുടുംബം കണ്ടത്. ഒരിക്കലും എന്തുകൊണ്ടെന്ന ചോദ്യം വന്നിട്ടില്ല.