തെന്നിന്ത്യയിലെ താരസുന്ദരിമാരിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്. ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്. ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
ഒരു ഓഫിസിലിരുന്ന് ഫയലുകൾക്കിടിയൽ ജീവിക്കാൻ എനിക്കു പറ്റുമായിരുന്നില്ലെന്ന് ഹണി റോസ്. സിനിമ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് നല്ല സിനിമകൾ ചെയ്യണമെന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. പിന്നീട് അതിനുവേണ്ടി മാനസികമായി തയാറെടുത്തു. പ്രശ്നങ്ങളൊക്കെ മനസിലാക്കി തെറ്റുകൾ തിരുത്താൻ ശ്രമിച്ചു. ബോയ്ഫ്രണ്ട് കഴിഞ്ഞ് ഒരു തമിഴ് സിനിമയിലാണ് അഭിനയിച്ചത്.
മലയാള സിനിമാ മേഖലയെക്കുറിച്ചു പോലും കാര്യമായ അറിവൊന്നുമില്ലാത്ത സമയത്താണ് തമിഴിലെത്തുന്നത്. തമിഴ് സിനിമയിലെ മാനേജർമാർ വഴിയാണ് അവസരങ്ങൾ കിട്ടിയിരുന്നത്. നല്ല കഥാപാത്രമാണ്, നല്ല ടീമാണ് എന്നൊക്കെ അവർ പറയുന്ന അറിവേ എനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളുമുണ്ടായി. മലയാളത്തിൽ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടശേഷം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചാൽ മതിയാരുന്നു എന്നു പിന്നീടു തോന്നിയിട്ടുണ്ട്.
ഇൻഡസ്ട്രിയിൽ വന്നശേഷമാണ് ഞാൻ സിനിമയെന്താണെന്നറിയുന്നത്. അതുകൊണ്ടുതന്നെ കരിയറിന്റെ തുടക്കത്തിൽ പല പാളിച്ചകളും സംഭവിച്ചു. ആ തെറ്റുകളൊക്കെ പിന്നീടു മനസിലാക്കി. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം- ഹണി റോസ് പറഞ്ഞു.