മലയാളികളുടെ പ്രിയ താരമാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാ ക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ തിരികെ സിനിമയിലേക്കെത്തിയിരുന്നു. മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. റാണിയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അഭിനയത്തിനിടയിൽ മമ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരുമെന്നാണ് നടി ഭാവന പറയുന്നത്. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്നും എന്നാൽ ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണെന്ന് ബോധ്യമുണ്ടാകുമെന്നും നടി പറയുന്നു.
ഭാവനയുടെ വാക്കുകൾ ഇങ്ങനെ ‘സാധാരണ ഞാൻ ജീവിതത്തിൽ കരയുന്നത് എങ്ങനെയാണോ അത് പോലെയാകും സിനിമയിലും കരയുക. എനിക്ക് എന്നെ ജഡ്ജ് ചെയ്യാനാകില്ല. പക്ഷേ, എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകിച്ചൊന്നും തോന്നാറുമില്ല.
ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുകയും, അത് കണ്ട് ഭയങ്കര സങ്കടം വരുകയും ചെയ്യും. അത് ചില അഭിനേതാക്കളുടെ കഴിവാണ്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്.
അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും നമ്മുക്ക് വിഷമമുണ്ടാകുകയാണെങ്കിൽ അത് ആ അഭിനേതാവിന്റെ കഴിവാണ്.- ഭാവന പറഞ്ഞു.