യാത്രക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ചുകൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ ചര്‍ച്ചയാകുന്നു. സിനിമ പ്രവര്‍ത്തകയായ നന്ദിത ശങ്കരയാണ് ദുരാനുഭവം പങ്കുവെച്ച് വിഡിയോ ചെയ്തത്.
ഇതുവരെ 12 ലക്ഷം പേര് വിഡിയോ കണ്ടിട്ടുണ്ട്. നന്ദിതയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്. യാത്രകളില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കുറിപ്പിടുന്നത്. സംഭവത്തില്‍ പിടിയിലായ കോഴിക്കോട് സ്വദേശി സവാദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നടി പരാതിപ്പെട്ടപ്പോള്‍ ബസില്‍ നിന്നും ഇറങ്ങിയോടിയ കോഴിക്കോട് കായക്കൊടി കാവില്‍ സവാദി (27) നെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. തനിക്ക് നേരിട്ട ദുരവസ്ഥ നടി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചുകൊണ്ട് അറിയിക്കുകയായിരുന്നു. മെയ് 16 ചൊവ്വാഴ്ച തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ അങ്കമാലി കഴിഞ്ഞ് കൊച്ചി എയര്‍പ്പോര്‍ട്ടിന് മുമ്പാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത് നടി അറിയിച്ചു.
അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് സവാദ് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.
View this post on Instagram