മലയാളത്തിന്റെ ചിരി തമ്പുരാൻ മാമുക്കോയക്ക് അർഹിച്ച ആദരവ് സിനിമാ ലോകം നൽകിയില്ലെന്ന വിമർശനവുമായി സംവിധായകൻ വിഎം വിനു. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് സിനിമാ മേഖലയിൽ നിന്നും മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ ഉണ്ടായിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകുമ്പോഴാണ് താരങ്ങളുടെ അനാദരവ് ചൂണ്ടിക്കാട്ടി വിനു രംഗത്ത് എത്തിയത്.
വിഎം വിനുവിന്റെ വാക്കുകൾ ഇങ്ങനെ
മലയാള സിനിമ മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയോ എന്ന ചോദ്യമാണ് ചർച്ച ചെയ്യപ്പെടുന്നത്. സത്യമാണ്. ആ ആദരവ് സിനിമയിലെ പലരും നൽകിയിട്ടില്ല. പലരും എന്നോട് ചോദിച്ചു അവർ വരുമോ, ഈ നടൻ വരുമോ, മറ്റേയാൾ വരുമോ എന്നൊക്കെ… നടനെ കാണാനുള്ള ആഗ്രഹം കൊണ്ടാകാം. അല്ലെങ്കിൽ അവർ ഇവിടെ വരേണ്ടതല്ലേ എന്ന ചിന്തയായിരിക്കാം.
വരും, വരാൻ സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞ് ഞാൻ മറുപടി നൽകി. താരങ്ങൾ മാത്രമല്ല, സംവിധായകരും ഏറെയാണ്. മാമുക്കോയയെ ഉപയോഗിച്ച ഒട്ടേറെ സംവിധായകരുണ്ട്. ഒരു കുട്ടി പോലും തിരിഞ്ഞുനോക്കിയില്ല. സത്യൻ അന്തിക്കാട് ഒഴികെ. നീചമായ പ്രവൃത്തിയാണിത്. ആശുപത്രി മുതൽ ഖബറടക്കുന്നതുവരെ ഞങ്ങൾ കുറച്ചുപേർ ഇവിടെയുണ്ടായിരുന്നു.
ജോജു ഉൾപ്പെടെയുള്ള മറ്റു ചിലർ മാമുക്കോയയെ കാണാനെത്തി. ചിലർ എന്നോട് ചോദിച്ചു എന്തുകൊണ്ട് മറ്റുള്ളവർ വന്നില്ല. ഞാൻ അവരോട് പറഞ്ഞത് ഇങ്ങനെയാണ്. മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു. ഒരു ടാക്‌സി വിളിക്കുക. മരിക്കാൻ വേണ്ടി എറണാകുളത്ത് പോകുക. എന്നിട്ട് അവിടെ കിടന്ന് മരിക്കുക. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാകുമല്ലോ.
നടൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം വരാൻ അപ്പോൾ പറ്റുമായിരുന്നു. മാമുക്കോയയെ കുറിച്ച് പൊക്കി പറഞ്ഞ് അവർക്ക് പോകാമായിരുന്നു. കോഴിക്കോട് അവർക്ക് ദൂരമല്ലേ. സഞ്ചരിക്കാൻ പറ്റില്ലല്ലോ… ബന്ധങ്ങൾ എന്നു പറഞ്ഞാൽ ചെറുതല്ല. പല ചിത്രങ്ങളുടെയും വിജയത്തിന് കാരണക്കാരനായിരുന്നില്ലേ മാമുക്കോയ. ഇക്കാര്യം എല്ലാവരും ചിന്തിക്കണം. സംഘടനാ തലപ്പത്തിരിക്കുന്നവരും ചിന്തിക്കണ്ടേതായിരുന്നു.
കൂടുതൽ പറയുന്നില്ല. കോഴിക്കോട്ടെ സാധാരണക്കാർ ഇവടെ നിറഞ്ഞിരുന്നു. അതാണ് ആദരവ്, ബഹുമാനം, ആരാധന…. ഞാൻ മരിക്കുമ്ബോൾ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കും. ഇവിടെ കിടന്ന് മരിച്ചാൽ ഇവരൊക്കെ തന്നെയാകും ഉണ്ടാകുക. എറണാകുളത്താകുമ്പോൾ കൂടുതൽ താരങ്ങൾ എത്തും.