കീര്‍ത്തി സുരേഷിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. സ്കൂള്‍ കാലം മുതലുള്ള സുഹൃത്തും റിസോര്‍ട്ട് ഉടമയുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും ഇടയ്‌ക്കുണ്ടായിരുന്നു. പലപ്പോഴായി കീര്‍ത്തി വിവാഹം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സിനിമയ്‌ക്കകത്തും പുറത്തുമുള്ള നിരവധി പേരുകള്‍ കീര്‍ത്തിയുടെ വരന്റെ സ്ഥാനത്ത് വന്നിട്ടുണ്ട്. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പലപ്പോഴും അമ്മയായ മേനകയും മറുപടി നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് ഉടമയുമായുള്ള കീര്‍ത്തിയുടെ വിവാഹ വാര്‍ത്തയില്‍ തരിമ്പു പോലും സത്യമില്ല എന്നുമാത്രമേ തനിക്ക് പറയാനുള്ളൂ എന്നായിരുന്നു മേനകയുടെ പ്രതികരണം.
ഇപ്പോഴിതാ, തന്റെ വിവാഹ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ, നാനി നായകനായ ‘ദസറ’ എന്ന സിനിമയുടെ വിജയത്തിലും സന്തോഷത്തിലുമാണ് കീര്‍ത്തി ഇപ്പോള്‍. ഈ പശ്ചാത്തലത്തില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ചോദ്യോത്തരവേളയിലാണ് കീര്‍ത്തി പ്രതികരിച്ചത്. നടന്‍ വടിവേലു മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്ന ഒരു ഗ്രാഫിക് ചിത്രമാണ്, ‘എബൗട്ട് യുവര്‍ മാരേജ്’ എന്ന ചോദ്യത്തിനുത്തരമായി കീര്‍ത്തി നല്‍കിയത്. ഈ ചോദ്യം കീര്‍ത്തിയെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നതിനുദാഹരണമാണ് ഈ ചിത്രം.
മലയാളത്തില്‍ ടൊവിനോ തോമസ് നായകനായ ‘വാശിയാണ്’ കീര്‍ത്തിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ‘മാമന്നന്‍’, ‘സൈറണ്‍’, ‘രഘു താത്ത’, റിവോള്‍വര്‍ റീത്ത’ തുടങ്ങിയ സിനിമകളില്‍ കീര്‍ത്തി നായികയാണ്