മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 13 വർഷങ്ങൾ പിന്നിട്ടു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും. മക്കൾക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടു പോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994ൽ വിവാഹം കഴിഞ്ഞ് 12 വർഷങ്ങൾക്കു ശേഷമാണ് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക…
ബാപ്പിച്ചിയെ കണ്ട ഓർമ്മ ഞങ്ങൾക്കുമില്ല. എന്നാൽ ബാപ്പിച്ചി ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങൾ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടെന്നും സഫ പറയുന്നു. മക്കളെപ്പറ്റി ഇക്കയ്ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഫാസില പറയുന്നത്. സിനിമ തിരക്കിനിടയിൽ മക്കളുടെ കാര്യത്തിൽ അധികം ശ്രദ്ധിക്കാൻ പറ്റാത്തതിന്റെ വിഷമവും പറയുമായിരുന്നുവെന്ന് ഫാസില പറയുന്നു. പുലർച്ചെ പോകുമ്പോൾ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നിൽക്കും. മക്കളെ നന്നായി നോക്കണേ എന്ന് പറയും. മക്കളെ കണ്ട് കൊതി തീരാതെ ഇക്ക… വീണ്ടും ഫാസിലയുടെ വാക്കുകൾ മുറിയുകയാണ്.
ഇക്ക പോയതിന് ശേഷം കുറേ സങ്കടങ്ങൾ നേരിടേണ്ടി വന്നു. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങളില്ല. മക്കൾ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ഫാസില പറയുന്നത്. സ്വന്തമായൊരു വീടും വലിയ സ്വപ്‌നമാണ്. ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. സിനിമാ ലോകത്തു നിന്ന് നടൻ ദീലിപാണ് തങ്ങളെ ഏറെ സഹായിച്ചതെന്നും ഫാസില പറയുന്നു.
ഇപ്പോഴും അത് തുടരുന്നുണ്ട്. മക്കളുടെ ജന്മദിനത്തിൽ മറക്കാതെ അവർക്ക് കേക്ക് കൊടുത്തയക്കും. ഏത് കാര്യമായാലും തന്നെ വിളിച്ചാൽ മതിയെന്നാണ് ദിലീപ് പറയാറുള്ളതെന്നും ഫാസില പറയുന്നുണ്ട്. അതേസമയം ബാപ്പിച്ചിയുടെ ചിരി ആർക്കാണ് മറക്കാൻ കഴിയുന്നതെന്നാണ് സഫയും മർവയും ചോദിക്കുന്നത്. സിഐഡി മൂസ എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങൾക്ക് എണ്ണമില്ല. അതിലെ ഓരോ ഡയലോഗും ഞങ്ങൾക്ക് കാണാപ്പാഠമാണെന്നാണ് ഇരുവരും പറയുന്നത്. സ്‌കൂളിലൊക്കെ സിനിമാതാരത്തിന്റെ മക്കൾ എന്ന മേൽവിലാസം തങ്ങൾക്കുണ്ടായിരുന്നു. സിനിമക്കഥകളൊക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. ബാപ്പിച്ചിയുടെ മക്കൾ എന്ന നിലയിൽ ടീച്ചേഴ്‌സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നു.