വ്യക്തി ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വളരെ ബോള്‍ഡ് ആയിട്ടുള്ള നടിയാണ് തപ്സി പന്നു. വ്യക്തമായ കാഴ്ചപ്പാടോടെ തന്നെ സിനിമയെയും ജീവിതത്തെയും സമീപിയ്ക്കുന്നത് കൊണ്ട് തന്നെ തകര്‍ച്ചകളില്‍ തപ്സി തളര്‍ന്ന് പോവാറില്ല. സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയായ തപ്സി പന്നുവിന് ബോളിവുഡില്‍ ഒരു ബ്രേക്ക് ലഭിച്ചത് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലൂടെയാണ്.
ചുരുണ്ട മുടിയും മറ്റ് കരുത്തുറ്റ സവിശേഷ വ്യക്തിത്വവുമായി ബോളിവുഡ് സിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്ന താരമാണ് തപ്സി. സിനിമകളില്‍ ഒരുപാട് ഉയര്‍ച്ച – താഴ്ചകളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തപ്സി പന്നു പറഞ്ഞു. പലപ്പോഴും അവസാന നിമിഷം തന്നെ സിനിമയില്‍ നിന്നും പുറംന്തള്ളിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് നടി വെളിപ്പെടുത്തി.
സിനിമയെ കുറിച്ച് നമ്മളോട് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്യും. പക്ഷെ നമ്മള്‍ പോലും അറിയാതെ ആ സിനിമയില്‍ നിന്ന് എടുത്ത് ദൂരെ എറിയുകയും ചെയ്യും. ചില സിനിമകളില്‍ നിന്ന് ഞാന്‍ പുറത്തായി എന്ന് വാര്‍ത്തകളിലൂടെയാണ് അറിയുന്നത് പോലും. ഒരു സിനിമയില്‍ നിന്ന് പുറത്താക്കുമ്പോള്‍, അത് വിളിച്ച് പറയാനുള്ള സാമാന്യ മര്യാദ പോലും പലരും കാണിക്കാറില്ല.
വളരെ വിചിത്രമായ കാരണം പറഞ്ഞാണ് ബോളിവുഡിലെ ഒരു ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയതെന്ന് തപ്സി പറയുന്നു. ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തതെന്ന് താരം പറയുന്നു. ‘തുടക്കത്തില്‍ തന്നെ വളരെ വിചിത്രമായ ചില കാര്യങ്ങള്‍ ഞാന്‍ നേരിട്ടു.
ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു ചിത്രത്തില്‍ നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ അവഗണന നേരിട്ടുണ്ട്. അക്കാരണവും പറഞ്ഞ് എന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഒരിക്കല്‍ ഒരു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്ന് പറഞ്ഞു.
കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു മറുപടി. എന്നാല്‍ മാറ്റില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു. പിന്നീട്ആ ഭാഗം വേറെ ആളെ വെച്ച് അവര്‍ ഡബ്ബ് ചെയ്ത് കൂട്ടിച്ചേര്‍ത്തു’, തപ്‌സി പറയുന്നു. ഇപ്പോള്‍ താരം തന്റെ കരിയറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സിനിമ ഒരു കരിയറായി പോലും കണ്ടിരുന്നില്ലെന്നാണ് താരം പറയുന്നത്.
ബോളിവുഡ് എന്റെ പ്ലാനില്‍ ഉണ്ടായിരുന്നതു പോലുമില്ല എന്നും ഞാന്‍ ആദ്യ സിനിമ ചെയ്തത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ട് മാത്രമാണ് എന്നും താരം പറഞ്ഞു. തെലുങ്ക് ചിത്രമായ ജുമ്മാന്ദി നാദമും തമിഴ് ചിത്രമായ ആടുകളവും ഒരുമിച്ച് റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം എന്നെ കൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.