ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ടി പി മാധവന്‍. നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസില്‍ കയറികൂടി. മുന്നൂറില്‍ അധികം ചിത്രങ്ങളില്‍ മാധവന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് നാളുകളായി അദ്ദേഹം സിനിമയില്‍ സജീവമല്ല. ഇപ്പോള്‍ ശാന്തിവിള ദിനേശ് മാധവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. യൂട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹം ടിപി മാധവന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് പറയുന്നത്.
അവിചാരിതമായി ഗാന്ധി ഭവനില്‍ പോയപ്പോള്‍ താന്‍ അവിടെ വെച്ച് മാധവനെ കണ്ടു എന്നാണു ശാന്തിവിള ദിനേശ് പറയുന്നത്. മാധവന്‍ ഇപ്പോള്‍ ഗാന്ധി ഭവന്‍ അന്തേവാസി ആണ്. താരത്തിന്റെ അവസാന കാലങ്ങളില്‍ ആരും തുണയില്ലാത്ത അവസ്ഥയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഗാന്ധിഭവനില്‍ ആക്കിയത്. എണ്‍പത് വയസ്സുള്ള നടന്‍ ഇപ്പോള്‍ വാര്‍ധക്യ സഹജമായ പല പ്രശ്‌നങ്ങളാണുള്ളത്.
വിഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ, ഗാന്ധിഭവന്‍ നല്‍കിയ ഒരു അവാര്‍ഡിന് വേണ്ടി ഞാന്‍ പോയപ്പോള്‍ ആണ് അവിചാരിതമായി മാധവന്‍ ചേട്ടനെ അവിടെ കാണുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട മാധവന്‍ ചേട്ടന്‍ അല്ലായിരുന്നു അപ്പോള്‍ ഞാന്‍ കണ്ടത്. വാര്‍ദ്ധക്യ സഹജമായ കുറെ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അല്‍പ്പം കൂനും ആയിട്ടുണ്ട്, കൂട്ടത്തില്‍ ഓര്‍മ്മക്കുറവും. അദ്ദേഹത്തിന്റെ മുഖത്ത് എന്തോ വലിയ ഒരു ദുഃഖം ഉള്ളതായി എനിക്ക് തോന്നി. ഞാന്‍ ഗാന്ധിഭവനിലെ സോമരാജന്‍ സാറിനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് തന്റെ ഭാര്യയേയും മകനെയും കാണാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്. അത് മാത്രമല്ല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കാണണം എന്നും അദ്ദേഹത്തിന് ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.
അദ്ദേഹത്തിനെ കാണാന്‍ ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ ആരും വന്നില്ലെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ഞാന്‍ മാധവന്‍ ചേട്ടനോട് സംസാരിച്ചു. എന്തെങ്കിലും ദുഃഖം ഉണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നുഅദ്ദേഹം മറുപടി പറഞ്ഞത്. മോഹന്‍ലാല്‍ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അതില്‍ എനിക്ക് ഒരു പരാതിയും ഇല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിനെ പോലെ ഒരു വലിയ മനുഷ്യന്‍ അദ്ദേഹത്തിന്റെ ആ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ ഗാന്ധി ഭവനില്‍ എത്തുമെന്നാണ് നമ്മുടെ പ്രതീക്ഷ.