ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. അഡാറ് ലൗവ് എന്ന ചിത്രത്തിലെ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. സിനിമ ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത വ്യക്തിയും പ്രിയ ആയിരുന്നു. എന്നാല്‍ പിന്നീട് വലിയ ട്രോളുകളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
തനിക്ക് നേരെ ഉണ്ടായ ട്രോളുകളെക്കുറിച്ച് പറയുകയാണ് പ്രിയ. ആ സമയത്ത് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നുവെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും താരം പറഞ്ഞു. സിനിമയിലെ പാട്ട് ഇറങ്ങിയപ്പോള്‍ വലിയ മാറ്റമൊന്നും തനിക്ക് സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇന്നത്തെ അവസ്ഥയിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
”ഒരു അഡാര്‍ ലവിലെ പാട്ട് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു ചേഞ്ച് ഒന്നും എനിക്ക് തോന്നിയിട്ടില്ല. പുറമെ നിന്ന് കാണുന്നവര്‍ക്കാണ് അത്തരത്തില്‍ തോന്നിയത്. ഞാന്‍ ഒരു ദിവസം കോളേജില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പാട്ട് ഇറങ്ങിയത്. പിറ്റേ ദിവസമാകുമ്പോഴേക്കും പാട്ട് ഹിറ്റായി. ഞാന്‍ അപ്പോഴും നോര്‍മല്‍ ലൈഫില്‍ തന്നെയായിരുന്നു.
പതിനെട്ട് വയസായിരുന്നു എനിക്ക് ആ സമയത്ത്. ഞാന്‍ അഭിനിയിച്ച് തുടങ്ങിയതേയുള്ളു അപ്പോഴേക്ക് ഭയങ്കര ബഹളമാണ്. എല്ലാ ദിവസവും എന്തെങ്കിലും കാര്യത്തിനാണ് ട്രോളുകള്‍ വരുക. ആ സമയത്ത് കുറേ ചിന്തകള്‍ മനസില്‍ വരുമായിരുന്നു. അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു.
എന്നാല്‍ ഇപ്പോള്‍ താല്‍ക്കാലികമായി നടക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറില്ല. ഇന്ന് ട്രോളുന്നവര്‍ നാളെ അത് മാറ്റി പറയും. എന്റെ ലക്ഷ്യം നല്ല സിനിമയുടെ ഭാഗമാവുക നല്ല നടിയാവുക എന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ വരുന്ന ട്രോളുകള്‍ ഒന്നും എന്നെ ബാധിക്കുന്നില്ല. ഈ പറഞ്ഞപോലെ ഹൈപ്പ് കിട്ടിയ സമയത്താണെങ്കിലും പുറത്ത് നില്‍ക്കുന്നവര്‍ക്കാണ് അത് തോന്നുകയുള്ളു.
ഞാന്‍ ആദ്യമേ സാധാരണക്കാരിയായാണ് മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെ വലിയ രീതിയില്‍ ട്രോളുമ്പോഴും എനിക്ക് ഒന്നും തോന്നിയില്ല. എന്നാല്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. കാരണം എന്തിനാണ് ആളുകള്‍ എന്നെ ട്രോളുന്നതെന്ന് മനസിലാക്കാനുള്ള പ്രായം അപ്പോള്‍ ആയിട്ടില്ലായിരുന്നു,” പ്രിയ വാര്യര്‍ പറഞ്ഞു.
അതേസമയം ഫോര്‍ ഇയേര്‍സാണ് പ്രിയയുടെ പുതിയ ചിത്രം. സര്‍ജനോ ഖാലിദും പ്രിയയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്.