മലയാളികളുടെ സ്വകാര്യ അഹങ്കാരം കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ ചില നടിമാരുണ്ട്. എന്നാല്‍ ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകളുണ്ടായിരുന്നു.
താരത്തിന്റെ നിറം കറുത്തതായതുകൊണ്ട് കറുത്ത മണിയുടെ കൂടെ ഞാന്‍ അഭിനയിക്കില്ല, അവരുടെ നായികയായി ഞാന്‍ സിനിമ ചെയ്യില്ല എന്ന് വരെ പറഞ്ഞ മലയാള നടിമാര്‍ ഉണ്ടായിരുന്നു. ദിവ്യ ഉണ്ണി എന്ന നടി അങ്ങനെ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ദിവ്യ ഉണ്ണിയ്ക്ക് നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ കലാഭവന്‍ മണിയുടെ കഴിവ് മനസ്സിലാക്കി അവര്‍ക്ക് വേണ്ടി മണിക്കൂറുകളോളം കാത്തു നിന്ന സംഭവങ്ങളും സിനിമാലോകത്ത് നടന്നിട്ടുണ്ട്. രജനികാന്ത് നായകനായ അഭിനയിച്ച എന്തിരന്‍ എന്ന സിനിമയില്‍ കലാഭവന്‍ മണിക്ക് ഒരു റോള്‍ ഉണ്ടായിരുന്നു. വളരെ മികച്ച രൂപത്തില്‍ ആ ചെത്തുകാരന്റെ റോള്‍ താരം നിര്‍വഹിക്കുകയും ചെയ്തു. അതിന്റെ പിന്നിലെ കഥയും അതിനോട് തനിക്ക് ലഭിച്ച അംഗീകാരങ്ങളും സന്തോഷവും ഒരുപാട് അഭിമുഖങ്ങളില്‍ താരം പറയുകയും ചെയ്തിട്ടുണ്ട്.
ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അവിടേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഫ്‌ലൈറ്റ് മിസ്സ് ആവുകയും എനിക്ക് വരാന്‍ കഴിയില്ല മറ്റൊരാള്‍ക്ക് ആ റോള്‍ കൊടുക്കൂ എന്ന് കലാഭവന്‍ മണി സിനിമയുടെ സംവിധായകനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. എന്നാല്‍ സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.
പറ്റില്ല മറ്റൊരാളെ വെച്ച് ചെയ്യില്ല ഇത് താങ്കള്‍ തന്നെ ചെയ്യണം എന്ന് സംവിധായകന്‍ ശങ്കര്‍ പറയുകയും അടുത്ത ഫ്‌ലൈറ്റില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തി മേക്കപ്പ് എല്ലാം മാറ്റി ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തുമ്പോള്‍ തന്നെയും കാത്തു മണിക്കൂറുകളായി ഇരിക്കുന്ന രജനീകാന്തിനെയും ഐശ്വര്യ റായിയെയും തനിക്ക് കാണാന്‍ സാധിച്ചു എന്ന് കലാഭവന്‍ മണി വലിയ സന്തോഷത്തോടെ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
മിമിക്രി വേദികളില്‍ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടന്‍ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേര്‍ത്തു വച്ചു.
‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടന്‍’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങള്‍ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.
2016 മാര്‍ച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു.