അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. യൂണിഫോമില്‍ മത്സ്യ വില്‍പ്പനയ്‌ക്കെത്തിയ ഹനാനെ അത്രപെട്ടെന്നൊന്നും ആരുംതന്നെ മറക്കാനിടയില്ല. പിന്നീട് ഹനാന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളും പല തരം വാര്‍ത്തകളായിട്ടാണ് പുറത്ത് വന്നത്. ഒരു കാര്‍ അപകടത്തില്‍ കിടപ്പിലായി പോയ ഹാനാന്‍ ഒറ്റയ്ക്ക് പോരാടി മുന്നോട്ട് വന്നു. റെഡ് കാര്‍പെറ്റിന്റെ വേദിയിലെത്തിയ താരം, ആ അവസ്ഥയിലും തനിയ്ക്ക് കേള്‍ക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് സംസാരിച്ച പഴയ വീഡിയോ വീണ്ടും വൈറലാവുന്നു.
മീന്‍ വില്‍പന നടത്തുമ്പോള്‍ പലരും വിമര്‍ശിക്കാനും അഭിപ്രായം പറയാനും വന്നിരുന്നു. പക്ഷെ എന്ത് ജോലി ആയാലും എനിക്ക് മുന്നോട്ട് പോകാന്‍ സാധിച്ചാല്‍ മതി. മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്നതായിരുന്നു എന്റെ വിശ്വാസം. എന്നെ സംബന്ധിച്ച് എനിക്ക് പഠനം പൂര്‍ത്തിയാക്കണം. ലോകത്തിന്റെ എവിടെ ചെന്നാലും നമ്മളോട് ചോദിയ്ക്കുന്നത്, ഏത് വരെ പഠിച്ചു എന്നാണ്. ആ മറുപടി അന്തസ്സ് ആയി എനിക്ക് പറയാന്‍ പറ്റണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ സമയത്ത് എന്റെ കൈയ്യില്‍ ഒരു സ്വര്‍ണ മോതിരം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. മീന്‍ കച്ചവടം നടത്തി പണം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു എന്ന് പറയുന്നതിനിടയില്‍, ഞാനൊരു സ്വര്‍ണ മോതിരം വാങ്ങി ഇട്ടു എന്നുള്ളത് വലിയ വിവാദമായിരുന്നു. ഞാന്‍ ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തില്‍ നിന്ന് മിച്ചം വച്ച് എന്റെ ആഗ്രഹപ്രകാരം ഒരു മോതിരം വാങ്ങി ഇട്ടത് ഇത്രയും വലിയ തെറ്റാണോ. അതിന് പോലും എനിക്ക് മറ്റുള്ളവരോട് മറുപടി പറയേണ്ടതായി വന്നു.
എനിക്ക് കാര്‍ അപകടം സംഭവിച്ചത് പോലും പലരുടെയും കൂടെ കറങ്ങാന്‍ പോയിട്ടാണ് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. അന്ന് ഒരു ഷോ കഴിഞ്ഞ് വരുന്ന വഴി കോഴിക്കോട് വച്ച് ആണ് അപകടം ഉണ്ടായത്. വണ്ടി ഒരു പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ എന്റെ നട്ടെല്ലിന് പരിക്ക് പറ്റി. കാല് അനക്കാന്‍ പറ്റില്ലായിരുന്നു. കിടന്ന കിടപ്പില്‍ പരസഹായം ഇല്ലാതെ കുറേ കാലം കഴിച്ചു കൂട്ടി. അങ്ങനെ മുന്നോട്ട് പകാന്‍ പറ്റില്ല എന്ന് ബോധ്യമായത് കാരണം ഞാന്‍ തന്നെ എന്റെ വിധിയോട് പോരാടുകയായിരുന്നു.
എഴുന്നേറ്റ് ഇരിക്കാം എന്ന അവസ്ഥയില്‍ എത്തിയ ശേഷം, വീല്‍ ചെയറിനെ ആശ്രയിച്ചു. അവിടെ നിന്ന് പതുക്കെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. ജിമ്മില്‍ പോയപ്പോഴാണ് ഈ നിലയിലേക്ക് എനിക്ക് മടങ്ങി എത്താന്‍ സാധിച്ചത്. അതിന് ശേഷം ഞാനൊരു കഫെ ആരംഭിച്ചിരുന്നു. പക്ഷെ തീരെ വിശ്രമം കിട്ടാതെ ആയപ്പോള്‍ അത് എന്റെ ആരോഗ്യത്തെ ബാധിച്ചു. കൊറോണ കാലം കൂടെ ആയപ്പോള്‍ അത് നിര്‍ത്തുകയായിരുന്നു – ഹനാന്‍ പറഞ്ഞു.