മലയാളികളുടെ പ്രിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാന കൃഷ്ണ നായികയായി തിളങ്ങി നിൽക്കുകയാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയ രംഗത്ത് തുടക്കം കുറിച്ചിരുന്നു. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു നടിയുടേത്. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകരെ സമ്പാദിച്ചയാളാണ് ഇഷാനി. അടുത്തിടെ ഇഷാനി 41 കിലോയിൽ നിന്ന് 51 കിലോയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ മേക്കോവർ രഹസ്യം ആരാധകരുമായി പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇഷാനി
വാക്കുകൾ, ട്രെയിനർ പറഞ്ഞതിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചത്. സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ഭക്ഷണമാണ് താൻ ഈ സമയം കഴിച്ചത് അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല. മാംസത്തിന് പ്രാധാന്യം നൽകി കൊണ്ടായിരുന്നു ഭക്ഷണം. രണ്ട് മാസത്തോളം കാര്യമായി മാംസം കഴിച്ചു. പിന്നീട് ശരീരഭാരം കൂടിയതിന് ശേഷം പച്ചക്കറിയിലേക്ക് മാറി. നമ്മുടെ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടത്. 30 ശതമാനം മാത്രമാണ് വർക്കൗട്ടിന് പ്രാധാന്യമുള്ളത്.
ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ. മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട് എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്