ഒരു കാലത്ത് മലയാളം, തമിഴ് ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ഐശ്വര്യ എന്ന ഐശ്വര്യ ഭാസ്‌കര്‍. മോഹന്‍ലാലിന്റെ നായികയായി ബട്ടര്‍ഫ്‌ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ സിനിമകളില്‍ ഐശ്വര്യ തിളങ്ങിയിരുന്നു.
ജാക്ക്പോട്ട്, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, നോട്ട് ബുക്ക് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. സീരിയലുകളിലും താരം സജീവമായിരുന്നു. എന്നാല്‍ ഈയിടെ സിനിമയിലും സീരിയലുകളിലും താരത്തെ കാണാനില്ല. അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് ഐശ്വര്യ തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍.
തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ഐശ്വര്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.
‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’ എന്നാണ് നടി പറഞ്ഞത്.
പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. 1994ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു.
വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ഐശ്വര്യ പറയുന്നു.
മദ്യപിച്ചും ധൂര്‍ത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്
‘കൂടാതെ ആ നല്ല കാലത്ത് ഞാന്‍ ഷോപ്പിംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ.
ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും’; ഐശ്വര്യ പറയുന്നു. എന്റെ കരിയര്‍ ഗ്രാഫ് മൂന്നു വര്‍ഷമാണ്, ഞാന്‍ തുടങ്ങി മൂന്നുവര്‍ഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാന്‍ സിനിമ വിട്ടുപോയി. രണ്ടാം ചാന്‍സില്‍ വന്ന് ഹിറോയിന്‍ ആവാന്‍ എല്ലാവര്‍ക്കും നയന്‍താരയുടെ ഗ്രാഫ് വരില്ലല്ലോ.
എനിക്കെന്റെ മകള്‍ക്ക് ഏറ്റവും നല്ല കാര്യങ്ങള്‍ നല്‍കണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ട്, പിന്നെ ഈ സോപ്പ് വില്‍പ്പനയും. മകള്‍ക്ക് താന്‍ വളരെ ഇന്‍ഡിപെന്‍ഡന്റായി ജീവിക്കുന്നതില്‍ തന്നെയോര്‍ത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.