സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സിനിമയ്ക്കായി 68 കിലോയില്‍ നിന്ന് 85-ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിംഗിന് ശേഷം വീണ്ടും 68-ലേക്ക് എത്തി. വണ്ണം വയ്ക്കാന്‍ വേണ്ടി റിസ്‌ക് എടുത്തതും ഷൂട്ട് തീര്‍ന്നയുടന്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നതിനെ കുറിച്ചുമാണ് ഫറ പറയുന്നത്.
സിനിമയ്ക്ക് വേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വര്‍ധിപ്പിച്ചത്. സിനിമ ഷൂട്ടിംഗ് തുടങ്ങും മുമ്പ് തന്നോട് പറഞ്ഞത് ഒരു ഫുട്‌ബോള്‍ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളില്‍. അതുകൊണ്ടാണ് വണ്ണം വയ്ക്കാന്‍ കുറച്ച് റിസ്‌ക്ക് എടുക്കേണ്ടി വന്നത്. രാത്രി കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പൊക്കെ ചിക്കനും ഗോതമ്പ് പലഹാരങ്ങളും കഴിച്ചിരുന്നു.
ദിവസവും ഐസ്‌ക്രീമും ചോക്ലേറ്റും സ്വീറ്റ്‌സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ കൂടി. ഇതുപോരാ ഇനിയും വണ്ണം വയ്ക്കണമെന്ന് സംവിധായകന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയില്‍ വച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. അതെല്ലാം വലിച്ചുവാരി കഴിച്ചു.
ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു. താനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന് ചോദിക്കാറുണ്ട്, കാരണം താന്‍ തന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്ന് തനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയില്‍ ഒരു മാസം ഇടവേളയും വന്നു.
ആ ഒരു മാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിര്‍ത്തുകയെന്നത്. കാരണം എനിക്ക് ഹോര്‍മോണല്‍ ഇംബാലന്‍സ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ഒരുവിധം ഷൂട്ട് തീര്‍ന്ന ഉടനെ താന്‍ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെഡിസിന്‍ എടുത്തു. ജിമ്മില്‍ പോയി. കൃത്യമായി ഡയറ്റിങ് തുടങ്ങി. മൂന്നുമാസം ലോ കാര്‍ബ്-ഹൈ പ്രോട്ടീന്‍ ഡയറ്റായിരുന്നു പിന്തുടര്‍ന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ 85 കിലോയില്‍ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചത് എന്നാണ് ഫറ ഷിബ്ല പറയുന്നത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ അവതാരകയായും സഹതാരമായും ശ്രദ്ധനേടിയിരുന്നു. ഫറ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. ബോഡി പോസറ്റീവിറ്റിയുടെ ആവശ്യകതയെക്കുറിച്ചും ബോഡി ഷെയ്മിങ്ങിന് എതിരെയും നിരവധി കുറിപ്പുകളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.