ആറു മാസം കൊണ്ട് 20 കിലോ വര്‍ധിപ്പിക്കുക; പിന്നീട് മൂന്നു മാസം കൊണ്ട് 15 കിലോ കുറയ്ക്കുക! കേള്‍ക്കുന്നതു പോലെ അത്ര എളുപ്പമല്ല. പക്ഷേ, അര്‍പ്പണ മനോഭാവവും കഠിനപ്രയത്‌നവും കൊണ്ട് അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഷിബ്ല എന്ന മലപ്പുറംകാരി.
തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടിയായിരുന്നു ഷിബ്ലയുടെ ഈ സാഹസം. ആസിഫ് അലി നായകനാകുന്ന ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തില്‍ കാന്തിയെന്ന പ്ലസ് സൈസ് നായികയെയാണ് ഷിബ്ല അവതരിപ്പിച്ചത്.
ഇഷ്ടഭക്ഷണമൊക്കെ കഴിച്ച്, 63 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഷൂട്ടിങ് പൂർത്തിയാകുമ്പോൾ 89ൽ എത്തിച്ചു ഷിബ്‌ല. എന്നാൽ സിനിമ റിലീസ്സായപ്പോൾ നായികയായ തടിച്ച പെൺകുട്ടിയെ അന്വേഷിച്ചവർക്കു മുന്നിൽ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് ഷിബ്‌ല പ്രത്യക്ഷപ്പെട്ടത്. മൂന്നു മാസം കൊണ്ട് ശരീരഭാരം 68 കിലോയിലെത്തിച്ചു പഴയ രൂപത്തിലെത്തി ഷിബ്‌ല.
”കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായിരുന്നു,” ഷിബ്ല പറയുന്നു. ”എന്തു വിലകൊടുത്തും ആ ക്യാരക്ടര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. സെലക്ടഡായി എന്നറിഞ്ഞ അന്നു മുതല്‍ നന്നായി ഭക്ഷണം കഴിച്ചുതന്നെയാണ് ശരീരഭാരം വര്‍ധിപ്പിച്ചത്.
തലശ്ശേരിയിലാണ് ഷൂട്ട് നടന്നത്. സെറ്റില്‍ എനിക്കായി പ്രത്യേകം ഭക്ഷണമൊക്കെ എത്തിച്ചുതരുമായിരുന്നു. അപ്പോള്‍ എല്ലാവരും പറയും, ഇങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ട് അഭിനയിക്കുന്ന നായിക മലയാളത്തില്‍ ആദ്യമായിരിക്കുമെന്ന്.”
”തടിച്ചയാളെയാണ് വേണ്ടതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഡിഷന് പോയത്. പൊതുവേ തടിയ്ക്കുന്ന ശരീരപ്രകൃതിയായതിനാല്‍ ഡയറ്റും സൂംബ ഡാന്‍സുമൊക്കെയായി ഭാരം നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു ഞാന്‍. ഓഡിഷനായി ഫോട്ടോ അയയ്ക്കുമ്പോള്‍ 65 കിലോയായിരുന്നു ശരീരഭാരം.
അവിടെ ചെന്നപ്പോള്‍ ഓഡിഷന് വന്നിരിക്കുന്ന മറ്റുള്ള പെണ്‍കുട്ടികളെല്ലാം നല്ല തടിയുള്ളവര്‍, ഉള്ളതില്‍ തടി കുറഞ്ഞ ആളായിരുന്നു ഞാന്‍. അപ്പോള്‍ തന്നെ പകുതി പ്രതീക്ഷ നഷ്ടപ്പെട്ടു. എങ്കിലും ഓഡിഷനില്‍ പങ്കെടുത്തു. കാന്തിയാകാന്‍ വണ്ണം കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ ‘അതൊക്കെ സിംപിളല്ലേ’ എന്ന് മറുപടിയും കൊടുത്തു.
സെലക്ടഡായി എന്നറിഞ്ഞതോടെ, നമ്മള്‍ കുറ്റബോധമില്ലാതെ ഭക്ഷണം കഴിക്കുക എന്നൊക്കെ പറയില്ലേ, അതായിരുന്നു പിന്നീട്. സോഷ്യല്‍ മീഡിയയിലും മറ്റും ബോഡി ഷെയ്മിങ് വര്‍ധിച്ചുവരുന്ന കാലത്ത് ഏറെ പ്രസക്തിയുള്ള കഥാപാത്രമാണ് കാന്തിയെന്ന് ഷിബ്ല ചൂണ്ടിക്കാണിക്കുന്നു.
”തടിച്ചിട്ടായാലും മെലിഞ്ഞിട്ടായാലും സ്വന്തം ശരീരത്തില്‍ വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകള്‍ ഏറെയുണ്ട്. അത്തരത്തിലുള്ള ആളാണ് കാന്തി. മറ്റുള്ളവരാണ് ‘അയാള്‍ക്ക് എന്തൊരു തടിയാണ്’ അല്ലെങ്കില്‍ ‘അവള്‍ എന്തു തിന്നാലും കാര്യമില്ല’ എന്നൊക്കെ പറയുന്നത്. കൗമാരകാലത്ത് നല്ല വണ്ണമുള്ള ആളായിരുന്നു ഞാന്‍.
അന്ന് മറ്റുള്ളവര്‍ വണ്ണം കൂടിയല്ലോ, തടി കുറയ്ക്കണം എന്നൊക്കെ പറയുമ്പോഴും എനിക്ക് എന്റെ ശരീരത്തില്‍ പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. പിന്നീട് പി.ജി ചെയ്യുന്ന സമയത്ത് ആങ്കറിങൊക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് ഇനി അല്‍പം ഭാരം കുറയ്ക്കാമെന്ന് തീരുമാനിച്ചത്.”
”ഇപ്പോള്‍, പെട്ടെന്ന് ശരീരഭാരം ഇത്രയേറെ വര്‍ധിപ്പിച്ചപ്പോള്‍ എനിക്ക് എന്റെ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഷൂട്ട് കഴിഞ്ഞ ഉടനെ ഭാരം കുറയ്ക്കാനുള്ള ശ്രമമാരംഭിച്ചത്. അതിനായി കുറച്ച് കഷ്ടപ്പെടേണ്ടിവന്നു. ജിമ്മില്‍ പോകാന്‍ എനിക്കത്ര ഇഷ്ടമുണ്ടായിരുന്നില്ല.
നേരത്തേ വ്യായാമത്തിനായി സൂംബയായിരുന്നു ചെയ്തിരുന്നത്. വണ്ണം കുറഞ്ഞു തുടങ്ങിയതോടെ ജിമ്മില്‍ പോകാനും താല്‍പര്യമായി. ഇപ്പോള്‍ ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണ് ഫോളോ ചെയ്യുന്നത്. ഒപ്പം സൂംബയുമുണ്ട്.” ഭാരം കുറയ്ക്കാന്‍ കുറുക്കുവഴികളൊന്നുമില്ലെന്ന് വ്യക്തമാക്കുന്നു ഷിബ്ല.
ഡിസംബറില്‍ ഷൂട്ട് കഴിയുമ്പോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്ല ഇപ്പോള്‍ മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അമ്മിണിപ്പിള്ള കഴിഞ്ഞയുടന്‍ തന്നെ ഭാരം കുറച്ചതിനു പിന്നില്‍ മറ്റൊരു കാരണവുമുണ്ട് ഷിബ്ലയ്ക്ക്.
സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശരീരഭാരമൊരു തടസ്സമാകുമോ എന്നാണ് ഈ പുതുമുഖത്തിന്റെ ആശങ്ക. കഴിയുമെങ്കില്‍ കാന്തിയുടെ നേര്‍ വിപരീതമായ ഒരു ക്യാരക്ടര്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഷിബ്ല. അതേസമയം, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ നൂറുവട്ടം സമ്മതമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശരീര പ്രകൃതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചും ഷിബ്ല മനസുതുറന്നിരുന്നു. ഒരിക്കല്‍ ഉപ്പയുടെ കൂടെ നടന്നുപോകുമ്പോള്‍ ഭാര്യയാണോ കൂടെയുളളതെന്ന് ഒരാള്‍ ഉപ്പയോട് ചോദിക്കുകയുണ്ടായി.
അത് കേട്ട് ഞാന്‍ ഇല്ലാതായി പോകുന്നതായി തോന്നി. അയാള്‍ എന്റെ ഉമ്മയെ ഇതുവരെ കാണാത്തൊരാള്‍ ആയിരുന്നു. ഞാന്‍ അതുകേട്ട് മരവിച്ചുപോയി. എന്റെ ഉപ്പ ചിലപ്പോള്‍ എന്നക്കോള്‍ അന്ന് വിഷമിച്ചിട്ടുണ്ടാകുമെന്നും ഷിബ്ല പറയുന്നു.