അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ലിയോണ ലിഷോയ്. ‘ഇഷ്ക്’, ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി. പ്രമുഖ സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകൾ കൂടിയായ ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലാണ്.
ഏതാനും വർഷങ്ങളായി താൻ അഭിമുഖീകരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെ കുറിച്ച് ലിയോണ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയോസിസ് (സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്.”
“എന്നാല്‍, ശാരീരികവും മാനസികവുമായ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, വേദനയുടെ ഭയാനകമായ യാത്രയിൽ നിന്ന്, ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മിയുടെയും സഹായത്തോടെ, ഞാനൊരുപാട് മുന്നോട്ട് പോയെന്ന് വിശ്വസിക്കുന്നു.”
“എന്‍ഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല, അത് സാധാരണവുമല്ല. ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ദയവായി ഡോക്ടറെ കാണുക,” ലിയോണ കുറിച്ചു.
ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. ‘എൻഡോമെട്രിയ’ ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് ‘എൻഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ആര്‍ത്തവസമയത്ത് എന്‍ഡോമെട്രിയം രക്തസ്രാവത്തിന്റെ രൂപത്തില്‍ പുറത്ത് വരികയോ ചില സമയത്ത് ഈ രക്തം അണ്ഡവാഹിനിക്കുഴലിലൂടെ വയറിനകത്ത് കെട്ടിക്കിടക്കുകയോ ചെയ്യും.
ശരീരത്തിനുള്ളിൽ ഏത് ഭാഗത്തു വേണമെങ്കിലും ഈ അവസ്ഥ കാണപ്പെടാം, കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിൻറെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. എന്നിരുന്നാലും അപൂർവമായി യോനി, ഗർഭാശയഗളം, കുടൽ, മൂത്രസഞ്ചി എന്നിവിടങ്ങളിലും എൻഡോമെട്രിയോസിസ് കണ്ടെത്തിയിട്ടുണ്ട്.
മോഡലിംഗ് രംഗത്തു നിന്നാണ് ലിയോണ അഭിനയത്തിലേക്ക് എത്തുന്നത്. 2012ൽ ‘കലികാലം’ എന്ന ചിത്രത്തിലൂടെയാണ് ലിയോണ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ‘ജവാൻ ഒഫ് വെള്ളിമല’ എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തിയതോടെയാണ് ശ്രദ്ധ നേടിയത്.
നോർത്ത് 24 കാതം,’ ‘റെഡ് വൈൻ,’ ‘ഹരം,’ ‘ആൻമരിയ കലിപ്പിലാണ്,’ ‘മായാനദി,’ ‘ക്വീൻ,’ ‘മറഡോണ,’ ‘അതിരൻ,’ ‘ഇഷ്ക്,’ ‘ട്വന്റിവൺ ഗ്രാംസ്,’ ‘വരയൻ’ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. നടി എന്നതിനൊപ്പം തന്നെ സംരംഭക എന്ന നിലയിലും ശ്രദ്ധ നേടുകയാണ് ലിയോണ ഇപ്പോൾ. സുഹൃത്ത് മഞ്ജു മേരി അഗസ്റ്റിനുമായി ചേർന്ന് കോഴിക്കോട് കഹാനി എന്ന ബൊട്ടീകും ലിയോണ നടത്തുന്നുണ്ട്.