ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് സീസണ്‍ 4 മലയാളത്തില്‍ വന്നതോടെ ലക്ഷ്മിക്ക് ആരാധകര്‍ ഏറെയാണ്. ജന്മം കൊണ്ട് താന്‍ ഒരു മുസ്ലീം ആണ് എന്ന കാര്യം വളരെ നേരത്തെ തന്നെ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയതാണ്.
ഹിന്ദു മത വിശ്വാസത്തോടുള്ള താത്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ ഉണ്ടായിരുന്ന കുട്ടിയായിരുന്നുവത്രെ ലക്ഷ്മിപ്രിയ. അതുകൊണ്ട് ഒരു പൂജാരിയെ തന്നെയാണ് ആദ്യമായി ലക്ഷ്മിപ്രിയ പ്രേമിച്ചത്. ആ പ്രണയ കഥ നടി ബിഗ്ഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തി.
മത സൗഹാര്‍ദമുള്ള നാടാണ് ഞങ്ങളുടേത്. അവിടെ എല്ലാവര്‍ക്കും അമ്പലത്തില്‍ എല്ലാം പോകാം. അങ്ങനെ ഞാന്‍ എന്റെ എട്ടാം ക്ലാസ് മുതല്‍ അമ്പലത്തില്‍ പോകുമായിരുന്നു. അവിടെ വച്ചാണ് അയാളെ കണ്ടത്. അമ്പലത്തിലെ പൂജാരിയായിരുന്നു. എന്നും അമ്പലത്തില്‍ പോയി പോയി, ഞങ്ങള്‍ പ്രണയത്തിലായി.
എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ എന്റെ അപ്പച്ചിയോട് തുറന്ന് പറയും. അങ്ങനെ ഈ പ്രണയവും പറഞ്ഞിരുന്നു. വീട്ടില്‍ മതം വലിയ പ്രശ്‌നം ഒന്നും അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയി. അദ്ദേഹത്തിന് ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ആ സൈക്കിളും തള്ളി അദ്ദേഹവും, കൂടെ ഞാനും ഒരുപാട് നടന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ നടന്ന് വരുമ്പോള്‍ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നു.
കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാന്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിള്‍ നിര്‍ത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ചു.
എന്നാല്‍ പിന്നീട് ആണ് അദ്ദേഹം പറുന്നത്, അത് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടനായിരുന്നു. ബ്രാഹ്‌മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തില്‍ പറഞ്ഞിട്ടില്ല, അതുകൊണ്ടാണ് അന്ന് കേള്‍ക്കാത്ത ഭാവം പോയത് എന്ന്. പക്ഷെ അതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് ഞാന്‍ അറത്തുമുറിച്ചു പറഞ്ഞു.
അദ്ദേഹം പിന്നീട് താടിയും മുടിയുമൊക്കെ നീട്ടി, എന്നെ വിശ്വസിപ്പിയ്ക്കാന്‍ ഒരുപാട് നടന്നിരുന്നു. അപ്പച്ചിയോട് എല്ലാം വന്ന് സംസാരിച്ചു. പക്ഷെ ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഇപ്പോള്‍ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്- ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം പേര് മാറ്റിയത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു താരം അറിയിച്ചത്.
ഐ ഒഫീഷ്യലി അനൗൺസ്ഡ് യെസ് അയാം ലക്ഷ്മി പ്രിയ. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.
കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറുകര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ എന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.