പൃഥ്വിരാജ് നായകനായി 2002 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയിലെ നായികയായിരുന്നു ഗായത്രി രഘുറാം. പക്ഷേ ആകെ ഒരു മലയാള സിനിമയില്‍ മാത്രമാണ് ഗായത്രി അഭിനയിച്ചത്.
രാജസേനന്‍ ഒരുക്കിയ സിനിമയില്‍ അശ്വതി എന്ന കഥാപാത്രമായാണ് താരം എത്തിയത്. ശേഷം തമിഴിലും കന്നഡയിലും തെലുങ്കിലും നിരവധി സിനിമകളില്‍ താരം അഭിനയിക്കുകയുണ്ടായി. ചെന്നൈ സ്വദേശിയായ താരം നടിയായും കോറിയോഗ്രാഫറായും സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താരം നൃത്ത സംവിധായകനായ രഘുറാമിന്റെ മകളാണ്.
2002 ല്‍ പുറത്തിറങ്ങിയ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. ശേഷം 2002 ല്‍ മൂന്ന് ചിത്രങ്ങളിലാണ് ഗായത്രി അഭിനയിച്ചത്. സുന്ദരം സംവിധാനം ചെയ്ത കന്നഡ ചിത്രം മനസെല്ല നീനെ, തമിഴ് ചിത്രമായ സ്‌റ്റൈല്‍, പൃഥ്വിരാജ് നായകനായി 2002 ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്നിവയായിരുന്നു.
പിന്നീട് ജയം കൊണ്ടന്‍ , പോ സോല പൊറാം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഗായത്രി ചലച്ചിത്ര രംഗത്ത് നൃത്ത സംവിധായകയായി. മദ്രാസപ്പട്ടണം, ദൈവതിരുമകള്‍, ഒസ്തി, അഞ്ജാന്‍ തുടങ്ങിയ വലിയ ബജറ്റ് പ്രൊഡക്ഷന്‍ ചിത്രങ്ങളിലും കോറിയഗ്രാഫറായിരുന്നു.
ക്രൈം ത്രില്ലറായ കാന്തസ്വാമി, തമിഴ് പദം എന്നിവയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014-ല്‍ നൂറോളം സിനിമകളില്‍ താരം നൃത്ത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. 2016 ല്‍ യാദുമഗി നിന്ധ്രായ് എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചു. 2017 ല്‍ കമല ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്തിരുന്നു.
കൂടാതെ ടെലിവിഷന്‍ പരിപാടിയായ ശ്രീമതി ചിന്നത്തറായിലും താരം എത്തിയിരുന്നു. അതേസമയം താരം വിവാഹ മോചിതയാണ്. വിവാഹ മോചിത ആവുമ്പോള്‍ നടിക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിന് ശേഷം ഒരു പ്രണയമോ ക്രഷോ തോന്നിയിട്ടില്ലെന്നും വിവാഹം കഴിക്കണം എന്നും കരുതിയിട്ടില്ലെന്നും നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹം എന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവ് മാത്രമാണ്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ട് പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും എനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം ഒരു വിവരവും ഇല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
2015 നവംബറില്‍ ബിജെപി അനുഭാവിയായ താരം പാര്‍ട്ടിയുടെ കലാ സെക്രട്ടറിയായി. വിശ്വാസമില്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെയുള്ള ഗായത്രിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നതാണ്. ഇന്‍സ്റ്റയില്‍ വൈറലായ താരത്തിന് ഒരു ലക്ഷത്തിലേറെ ഇന്‍സ്റ്റ ഫോളോവേഴ്‌സുണ്ട്. ഇടയ്ക്കിടെ ഡാന്‍സ് വീഡിയോകളടക്കം താരം ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുണ്ട്. കൂടാതെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.