മലയാളത്തിന്‍റെ സ്വന്തം സാന്നിധ്യം ഒരുകാലത്ത് അടയാളപ്പെടുത്തിയ നായികയാണ് കനക. അടുത്തകാലത്തായി സിനിമരംഗത്ത് നിന്നും അകലം പാലിച്ച് നില്‍ക്കുന്ന കനക ഇപ്പോള്‍ ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. തന്‍റെയും അമ്മയുടെയും ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് അച്ഛന്‍ ദേവദാസ് ആണെന്നാണ് കനക അഭിമുഖത്തില്‍ തുറന്നടിക്കുന്നത്.
അച്ഛന്‍ ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് കനക പറയുന്നത് ഇങ്ങനെ, എന്‍റെ അമ്മ വേശ്യയാണെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. താലികെട്ടിയ പെണ്ണിനെ വേശ്യയെന്ന് പറഞ്ഞ ഒരാള്‍ മകളെ മനോരോഗിയെന്നും മയക്കുമരുന്നിന് അടിമയാണെന്നും പറയുന്നതില്‍ ഒരു പുതുമയുമില്ല.
അതുകൊണ്ടാണ് ഞാന്‍ അദ്ദേഹവുമായി സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചത്. എനിക്ക് പതിനാല്-പതിനഞ്ച് വയസുള്ളപ്പോള്‍ ഗാര്‍ഡിയന്‍ഷിപ്പ് കേസ് കൊടുത്തു അവര്‍. മകളെ വേണമെന്നും ഭാര്യയ്ക്ക് ഒരു പെണ്‍കുട്ടിയെ വളര്‍ത്താനറിയില്ലെന്നും നോക്കാനാവില്ല എന്നും കാണിച്ചാണ് കേസ് കൊടുത്തത്. ഇതിനുശേഷം കോടതിയില്‍ നിന്നും ഇഞ്ചങ്ഷന്‍ ഓര്‍ഡര്‍ വന്നതിനാല്‍ കരകാട്ടക്കാരന്റെ ഷൂട്ടിങ് വരെ നിര്‍ത്തിവയ്ക്കേണ്ടി വന്നു.
അന്ന് കോടതിയെ സമീപിച്ചപ്പോള്‍ പറഞ്ഞു പത്ത് പതിനാറ് വയസുള്ളപ്പോള്‍ ഒരു കരിയര്‍ വേണമെങ്കില്‍ തീരുമാനിക്കാം എന്നാല്‍ കല്യാണം പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പത്തൊൻപത് വയസ്സാകണം എന്ന്. അങ്ങനെ പല കുറ്റങ്ങളും എന്റെയും അമ്മയുടെയും മേൽ ചുമത്തിയിട്ടുള്ളതിനാല്‍ തന്നെ ഇനിയും പലതും പറഞ്ഞെന്നും വരാം. അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും.
ഞാന്‍ തിരിച്ചുവന്നാല്‍ ക്ഷമിക്കാമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. അതിന് ഞാനെന്ത് തെറ്റാണ് ചെയ്തത്. ആള് പ്രശസ്തനൊന്നുമല്ല ഇപ്പോള്‍. എത്ര ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെന്ന് അവരോട് ചോദിച്ചു നോക്കൂ. പത്തു പടങ്ങള്‍ പോലും ഉണ്ടാവില്ല. അമ്മ എത്ര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ അറിയില്ല.
ഇവരെപ്പോഴാണ് സംവിധായകനായത്. എന്റെ അമ്മയെ വിവാഹം ചെയ്ത ശേഷമല്ലേ. അതൊന്നും ഞാന്‍ പറയണമെന്ന് ഉദ്ദേശിക്കുന്നതല്ല. പക്ഷെ ഇത്രയും കാലമായിട്ടും പഴയ ആളുകളെ പോലെ ഒരു വിവരവും ഇല്ലാതെ വൃത്തികേടുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹവുമായി ഇടപഴകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നതേയില്ലെന്ന് കനക പറഞ്ഞ് വയ്ക്കുന്നു.
തന്‍റെ മരണവാര്‍ത്ത വന്നതിനെക്കുറിച്ച് കനക പറയുന്നത് ഇങ്ങനെ, വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ആകെ ഒരു തവണ ആലപ്പുഴയില്‍ വന്നിട്ടുള്ളത്. അവിടെവച്ച് താന്‍ മരിച്ചുവെന്ന് വാര്‍ത്ത വന്നു. അമ്മ മരിച്ചതിന് ശേഷം ഞാന്‍ പുറത്തെങ്ങും പോയിട്ടില്ല.
പിന്നെ എങ്ങനെയാണ് അത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് അറിയില്ല. ഞാനിപ്പോള്‍ തടിച്ചിട്ടാണ്. പഴയ കനകയെപ്പോലിരിക്കുന്ന ആരെയെങ്കിലും ആലപ്പുഴയിലെ ക്യാന്‍സര്‍ സെന്ററില്‍ വച്ച് കണ്ടിട്ടാകും അത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്നും കനക പറഞ്ഞു.
ഒരു ചിത്രത്തില്‍ അഭിനയിച്ച് അഭിനയം നിര്‍ത്താമെന്ന് കരുതി രംഗത്ത് വന്നയാളാണ് ഞാന്‍. എന്നാല്‍ ഇത്രയും സിനിമകള്‍ ചെയ്തത് അതിശയമാണ്. എന്നെക്കൊണ്ട് അഭിനയിക്കാന്‍ പറ്റുമോ എന്ന് അമ്മയ്ക്ക് സംശയമായിരുന്നു. താല്‍പ്പര്യമുമെണ്ടങ്കില്‍ ചെയ്യൂ എന്നായിരുന്നു അമ്മയുടെ നിലപാട്. ഇനി നായികയായി അഭിനയിക്കാന്‍ പറ്റില്ല.
നായകന്റെ അമ്മയായോ ചേച്ചിയായോ വേഷങ്ങള്‍ ലഭിക്കും അതിന് താല്‍പ്പര്യവുമില്ല. എന്നെക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ അന്വേഷിച്ചു. അസുഖമാണെന്ന് കേട്ട് ഡോക്ടറെ നിര്‍ദ്ദേശിച്ചവരുമുണ്ട്. ഞാന്‍ അത്രയധികം ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്നെ ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നതും അന്വേഷിക്കുന്നതും ദൈവാനുഗ്രഹമാണെന്നും കനക പറഞ്ഞു.