മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടി ശ്രീതു കൃഷ്ണന്റേത്. അമ്മയറിയാതെ എന്ന സീരിയലിലെ അലീന ടീച്ചര്‍ എന്നു പറഞ്ഞാലേ ഒരു പക്ഷേ ആളെ പെട്ടെന്ന് മനസ്സിലാകൂ. തമിഴില്‍ വിജയ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു സെവന്‍ സി എന്ന സീരിയലില്‍ ബാല താരമായി അഭിനയിച്ചായിരുന്നു ശ്രീതുവിന്റെ തുടക്കം.
പിന്നീട് നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലും മത്സരാര്‍ത്ഥിയായി ശ്രീതു പങ്കെടുത്തിരുന്നു. സീ കേരളത്തിലെ ബോയിങ് ബോയിങ് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീതു മലയാളത്തിലേക്ക് എത്തുന്നത്. അമ്മയറിയാതെ സീരിയലിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിലേക്കുള്ള വരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴത്തെ സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ശ്രീതു പറയുന്നു.
അലീനയെന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ ശ്രീതു ആവേശത്തിലായിരുന്നു. ബോള്‍ഡായ കഥാപാത്രമാണ്. വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നേറുന്ന അലീനയായി ഗംഭീര പ്രകടനമാണ് ശ്രീതു കാഴ്ചവെച്ചത്. അമ്പാടിയുടെ വരവിന് മുന്‍പുള്ള രംഗങ്ങളില്‍ അലീന തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.
പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷവും ശ്രീതു പങ്കിട്ടിരുന്നു. അലീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്പാടി. ലൊക്കേഷനില്‍ ഇടയ്ക്കൊക്കെ നിഖിലുമായി വഴക്കിടാറുണ്ട്. അധിക നേരം നീളുന്നതിന് മുന്‍പ് തന്നെ അത് തീരാറുമുണ്ട്. നിഖിലിന് വിജയിനെ ഏറെയിഷ്ടമാണ്. ഞാന്‍ സൂര്യ ഫാനാണ്. അതേക്കുറിച്ച് പറഞ്ഞൊക്കെയാണ് തല്ലുണ്ടാക്കാറുള്ളതെന്നും ശ്രീതു പറയുന്നു.
അമ്പാടി അര്‍ജുന്‍ എന്ന നായകനായി തിളങ്ങിയ നിഖില്‍ ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്നും മാറിയിരുന്നു. നിഖില്‍ മാറിനിന്ന സമയത്ത് തനിക്കും മെസ്സേജും കോളുമൊക്കെ വന്നിരുന്നുവെന്നും ശ്രീതു പറയുന്നു. പഴയ അമ്പാടി തന്നെ മതിയെന്നായിരുന്നു എല്ലാവരും ആവര്‍ത്തിച്ച് പറഞ്ഞത്. സ്ഥിരമായി നിഖിലിനെ കണ്ടവര്‍ക്ക് പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാനായിരുന്നില്ല.
അലീനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് തന്റേതെന്നും ശ്രീതു പറയുന്നു. അലീനയുടെ അത്ര സീരിയസല്ല, താന്‍ പൊതുവെ കൂളാണ്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായാണ് കാണുന്നത്. ദുല്‍ഖര്‍ സല്‍മാനും നസ്രിയയുമാണ് ശ്രീതുവിന്റെ ഇഷ്ട താരങ്ങള്‍. മീശ മാധവന്‍ നിരവധി തവണ കണ്ട സിനിമയാണ്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് ശ്രീതു.