പ്രണയം, ഒളിച്ചോട്ടം ഇതൊക്കെ അഭിനയ ജീവിതത്തില്‍ അത്ര പുതുമയുള്ള സംഭവമല്ല. സിനിമാ സീരിയല്‍ നടീ നടന്മാര്‍ തമ്മില്‍ പ്രണയിക്കുന്നതും ആ ബന്ധം വിവാഹത്തില്‍ എത്തിച്ചേരുന്നതും നാം നിരവധി കണ്ടിട്ടുള്ളതാണ്.നടന്‍ ഷാജു ശ്രീധറും മലയാളത്തിലെ മുന്‍കാല നടിയായിരുന്നു ചാന്ദ്നിയും അത്തരത്തില്‍ ഒളിച്ചോടി വിവാഹിതരായവരാണ്.
ഇരുവരും ഇപ്പോള്‍ മലയാളി സിനിമാ സീരിയല്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ്. പ്രണയ വിവാഹമായതുകൊണ്ട് ഇവര്‍ക്ക് പറയാനും കാണും ഏറെ. വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയി വിവാഹം കഴിച്ചതാണെങ്കിലും 23 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇപ്പോഴും സന്തുഷ്ടമായി കൊണ്ട് പോവുകയാണ് താരങ്ങള്‍.ആ ഒളിച്ചോട്ടത്തെ കുറിച്ചും പ്ലാനിങിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. നളചരിതം നാലാം ദിവസം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത്. ആ കാലത്ത് വിവാഹം കഴിക്കാനുള്ള സാമ്പത്തികമോ മറ്റോ എനിക്ക് ഇല്ല.
നല്ല രീതിയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് നോക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. എങ്കിലും അത് തീരുമാനിച്ചു. പ്രണയ വിവാഹത്തിന് മൂഹുര്‍ത്തമൊന്നും നിശ്ചയിക്കാന്‍ സാധിക്കില്ലല്ലോ. ഒക്ടോബര്‍ 27 ന് എന്റെ കസിന്റെ വിവാഹമാണ്. ആ വിവാഹം ഉള്ള ദിവസം നല്ലതായിരിക്കുമെന്ന് വിചാരിച്ച് അന്ന് തന്നെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്തു. എന്റെ സുഹൃത്തുക്കളെയും കൂട്ടി കൂട്ടുകാരന്റെ വീട്ടിലിരുന്ന് ഒളിച്ചോട്ടം എങ്ങനെ ആയിരിക്കുമെന്ന് പ്ലാന്‍ ചെയ്തു. ഇത് കേട്ട് വന്ന സുഹൃത്തിന്റെ അച്ഛനും അതില്‍ പങ്കുചേര്‍ന്നു എന്നതാണ് ഏറെ രസകരം.അദ്ദേഹത്തിന്റെ നാല് കൂട്ടുകാരും ഞങ്ങള്‍ക്കൊപ്പം വന്നു.
ഞങ്ങളെല്ലാവരും പാലക്കാട് നിന്ന് കൊച്ചിയില്‍ വന്ന് റൂമെടുത്ത് ചാന്ദ്‌നിയെ കാത്തിരിക്കുകയാണ്. കൃത്യം ആ സമയത്ത് തന്നെ മാള അരവിന്ദന്‍ ചേട്ടന്‍ ചാന്ദ്‌നിയുടെ വീട്ടിലേക്ക് എത്തി. ഒരു പരിപാടി ബുക്ക് ചെയ്യാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം സംസാരിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നത് കൊണ്ട് സമയം പോയി.മാത്രമല്ല ബുക്ക് ചെയ്യുന്ന പരിപാടി നടക്കുന്ന സ്ഥലങ്ങള്‍ എവിടെയാണ് ഏതൊക്കെ ദിവസമാണ് എന്നൊക്കെ മാപ്പിലൂടെ കാണിച്ച് തന്നിരുന്നു. പിന്നെ അഡ്വാന്‍സും തന്നിട്ട് പോയി.
ചാന്ദ്‌നിയുടെ വീടിന് അടുത്തുള്ള ബ്യൂട്ടി പാര്‍ലറിന്റെ അടുത്ത് നിന്നും കാറില്‍ പോയി കൂട്ടികൊണ്ട് വന്നു. ശേഷം ആലത്തൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് കല്യാണം നടത്തിയത്.
അതിന് ശേഷം പത്രക്കാരെ വിളിച്ച് വാര്‍ത്ത പുറത്തറിയിച്ചു. വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷം ഒരു അമ്പലത്തില്‍ പോയി താലിക്കെട്ടി. അന്ന് ചുരിദാറാണ് ധരിച്ചത്. ആ വേഷത്തില്‍ തന്നെ വിവാഹം കഴിച്ചു. പക്ഷേ ഞങ്ങളുടെ വിവാഹത്തിന് ശേഷം നാട്ടില്‍ മറ്റൊരു കഥ പ്രചരിച്ചതായി ഷാജു പറയുന്നു. ചാന്ദ്‌നിയ്ക്കും ഷാജുവിനും ഒളിച്ചോടി പോവാനുള്ള റൂട്ട് മാപ്പ് വീട്ടില്‍ വന്ന് പറഞ്ഞ് തന്നത് മാള ചേട്ടന്‍ ആണെന്നാണ് പ്രചരിക്കപ്പെട്ടത്. സത്യത്തില്‍ അദ്ദേഹം ഒന്നും അറിഞ്ഞിട്ട് പോലുമില്ലാത്ത ആളാണ്. ഇരുപത്തി നാലാമത്തെ വയസിലായിരുന്നു ഞങ്ങളുടെ വിവാഹമെന്ന് ഷാജു പറയുന്നു.